Cricket

അങ്ങനെയാണ് ഞങ്ങള്‍ കളിതോറ്റത് !! ഹൈദരാബാദിനെതിരായ തോല്‍വിയില്‍ വിശദീകരണവുമായി സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ചിരുന്നു.

അവസാന പന്തില്‍ വിജയലക്ഷ്യം രണ്ടു റണ്‍സായിരിക്കെ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഫുള്‍ടോസില്‍ റോവ് മാന്‍ പവല്‍ വിക്കറ്റിനു മുമ്പില്‍ കുടുങ്ങുകയായിരുന്നു.

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും വ്യക്തിപരമായി ഇത് മോശം മത്സരമായി. മൂന്നു പന്തുകള്‍ നേരിട്ട സഞ്ജു റണ്‍സൊന്നുമെടുക്കാതെ മടങ്ങുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണെടുത്തത്. ട്രവിസ് ഹെഡ്(58), നിതീഷ് റെഡ്ഡി(76), ഹെന്‍ റിച്ച് ക്ലാസന്‍(42) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഹൈദരാബാദിന് തുണയായത്.

മറുപടി ബാറ്റിംഗില്‍ റിയാന്‍ പരാഗ് (49 പന്തില്‍ 77), യശസ്വി ജയ്സ്വാള്‍ (40 പന്തില്‍ 67) എന്നിവരുടെ ഇന്നിംഗ്സാണ് രാജസ്ഥാന് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ ഇരുവരും പുറത്തായതോടെ രാജസ്ഥാന്‍ കളി കൈവിടുകയായിരുന്നു.

15 പന്തില്‍ 27 റണ്‍സുമായി പൊരുതിയ റോവ് മാന്‍ പവലിന് അവസാന പന്തില്‍ പിഴയ്ക്കുകയായിരുന്നു. സീസണില്‍ രാജസ്ഥാാന്റെ രണ്ടാം പരാജയമാണിത്. പത്ത് മത്സരങ്ങളില്‍ എട്ട് ജയവുമായി രാജസ്ഥാന്‍ തന്നെയാണ് ഒന്നാമത്.
16 പോയിന്റാണ് ടീമിനുള്ളത്.

തോല്‍വിക്ക് പിന്നാലെ വിശദീകരണവുമായി സഞ്ജു സാംസണ്‍ രംഗത്തെത്തുകയും ചെയ്തു.

സഞ്ജു പറഞ്ഞതിങ്ങനെ… ”ഈ സീസണില്‍ ഞങ്ങള്‍ വളരെ ത്രില്ലിംഗായ ചില മത്സരങ്ങള്‍ കളിച്ചു. അവയില്‍ രണ്ടെണ്ണം വിജയിച്ചു, ഈ മത്സരത്തില്‍ പരാജയം സമ്മതിക്കേണ്ടിവന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബൗളര്‍മാര്‍ക്കാണ് മുഴുവന്‍ ക്രെഡിറ്റും.

മത്സരത്തില്‍ പുതിയ പന്തുകള്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. പന്ത് പഴകിയപ്പോള്‍ കാര്യങ്ങള്‍ കുറച്ച് എളുപ്പമായി. യുവതാരങ്ങളായ യശസ്വി ജയ്സ്വാളും റിയാന്‍ പരാഗും നന്നായി കളിച്ചു.

ഞാനും ജോസ് ബട്ലറും പവര്‍പ്ലേയില്‍ പുറത്തായത് തിരിച്ചടിച്ചു. എന്നാല്‍ പരാഗിനും ജയ്സ്വാളിനും കാര്യങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു.” സഞ്ജു പറഞ്ഞു.

Related Articles

Back to top button