Cricket

മൂന്നാം തോല്‍വിയ്ക്കു പിന്നാലെ കടുത്ത തീരുമാനമെടുക്കാന്‍ മുംബൈ!! വമ്പന്‍ സൂചനയുമായി മനോജ് തിവാരി

പത്തു വര്‍ഷം ക്യാപ്റ്റനായ രോഹിത് ശര്‍മയെ മാറ്റിയ ശേഷമാണ് മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ചത്.

എന്നാല്‍ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍ സ്ഥാനം തന്നെ തുലാസിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാജസ്ഥാനെതിരേ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഹോം മത്സരത്തില്‍ ആറു വിക്കറ്റിന്റെ പരാജയമാണ് മുംബൈ ഏറ്റുവാങ്ങിയത്.

20 ഓവറില്‍ വെറും 125 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. 15.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

54 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിയാന്‍ പരാഗിന്റെ ബലത്തിലാണ് രാജസ്ഥാന്‍ അനായാസവിജയം സ്വന്തമാക്കിയത്.

പാണ്ഡ്യ സമ്മര്‍ദ്ദത്തിലാണ് എന്നും മത്സരത്തിന് ശേഷം ഡഗൗട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന കാഴ്ച മുംബൈയെ സംബന്ധിച്ച് അത്ര പോസിറ്റീവ് അല്ലെന്നും തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.

ഹാര്‍ദിക്കിന്റെ പുറത്താക്കല്‍ ഉടന്‍ തന്നെ സംഭവിക്കുമെന്നും രോഹിത് ശര്‍മ്മ ടീമിന്റെ നായകന്‍ ആയേക്കുമെന്നും മനോജ് തിവാരി പറയുന്നു.

”മുംബൈ ഒരു വലിയ ടീമാണ്. അവരെ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുക ഇനി വൈകില്ല. വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന അടുത്ത മത്സരത്തിന് മുമ്പ് രോഹിത് ശര്‍മയ്ക്ക് ക്യാപ്റ്റന്റെ ആംബാന്‍ഡ് തിരികെ ലഭിക്കുന്നതോടെ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാം, ”മനോജ് തിവാരി ക്രിക്ബസില്‍ പറഞ്ഞു.

”ഹാര്‍ദിക് സമ്മര്‍ദ്ദത്തിലാണ്, അതുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ പന്തെറിയാതിരുന്നത്. മുന്‍ കളികളില്‍ അദ്ദേഹം മുംബൈക്ക് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്യുകയായിരുന്നു, പക്ഷേ ബൗളര്‍മാര്‍ക്ക് സ്വല്പം ആധിപത്യം നല്‍കിയ പിച്ചില്‍ ആകട്ടെ അദ്ദേഹം ഒന്നും ചെയ്തില്ല.

ജസ്പ്രീത് ബുംറയുടെ പന്ത് സ്വിംഗ് ചെയ്യുകയായിരുന്നു, ഹാര്‍ദിക്കിനും ഇതേ ഫലം ലഭിക്കുമായിരുന്നു, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ അസാധാരണത്വം ഒന്നുമില്ലെന്നും തിവാരി പറഞ്ഞു. ”കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും നായകന്‍ എന്ന നിലയില്‍ കാര്യമായ ഒന്നും ചെയ്യാന്‍ താരത്തിന് സാധിച്ചില്ല. ഹാര്‍ദിക് വലിയ തെറ്റുകള്‍ വരുത്തുകയാണ്.

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിംഗ്സിലെ 13-ാം ഓവര്‍ വരെ അദ്ദേഹം ബുംറയ്ക്ക് രണ്ടാം ഓവര്‍ നല്‍കിയില്ല. ബാറ്റിംഗ് ഓര്‍ഡര്‍ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഇപ്പോഴും വ്യക്തതയില്ല. ചിലപ്പോള്‍ തിലക് വര്‍മ്മ ഹാര്‍ദിക്കിന് മുന്നിലെത്തും.

ഡിവാള്‍ഡ് ബ്രെവിസ് പോലും വ്യത്യസ്ത നമ്പറുകളില്‍ ബാറ്റ് ചെയ്യുന്നു. മൊത്തത്തില്‍, ടീമിനുള്ളില്‍ എന്തോ കുഴപ്പമുണ്ട്, ”തിവാരി പറയുന്നു.

നിലവിലെ സാഹചര്യങ്ങളില്‍ ടീമിന്റെ പ്രകടത്തില്‍ മാനേജ്‌മെന്റിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനിടയില്‍ ക്യാപ്റ്റന്‍ സ്ഥാനം വീണ്ടും ഏറ്റെടുക്കാമോയെന്ന് ആരാഞ്ഞ് ടീം മാനേജ്‌മെന്റിന്റെ പ്രതിനിധികള്‍ രോഹിതിനെ സമീപിച്ചതായും എന്നാല്‍ രോഹിത് വിസമ്മതിച്ചതായും വിവരമുണ്ട്.

Related Articles

Back to top button