Cricket

മല്‍സരത്തിന് തൊട്ടുമുമ്പ് പന്തിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി!

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷാഭ് പന്തിനെ ഒഴിവാക്കി. ആദ്യ ഏകദിനത്തിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചത്. മോശം പ്രകടനത്തിന്റെ പേരിലല്ല പന്തിന് ടീമില്‍ നിന്ന് സ്ഥാനം നഷ്ടപ്പെട്ടത്. താരത്തിന്റെ ഫിറ്റ്‌നസ് സംബന്ധിയായ കാരണങ്ങളാണ് ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.

ന്യൂസിലന്‍ഡ് പര്യടനത്തിനിടെ പന്തിന് നേരിയ പരിക്കേറ്റിരുന്നു. ഇതുകൊണ്ടാകും ടീമില്‍ നിന്ന് വിശ്രമം നല്‍കിയതെന്ന വിവരവും പുറത്തു വരുന്നുണ്ട്. അതേസമയം ടെസ്റ്റ് പരമ്പരയില്‍ പന്തിനെ നിലനിര്‍ത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് പന്ത് ടീമിനൊപ്പം ചേരുമെന്ന് ബോര്‍ഡ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും ബംഗ്ലാദേശിനെതിരേ കളിക്കില്ല. താരത്തെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന കാര്യവും ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടില്ല. പന്തിന് പകരം ആരെയും ഉള്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കിയ ടീം മാനേജ്‌മെന്റ് അക്‌സറിന്റെ കാര്യത്തില്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല.

സഞ്ജുവിന് ബംഗ്ലാദേശ് പര്യടനത്തില്‍ അവസരം കിട്ടുമെന്ന് നേരത്തെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബാറ്റിംഗ് എളുപ്പമല്ലാത്ത ന്യൂസിലന്‍ഡ് പര്യടനത്തിലേക്കാണ് സഞ്ജുവിനെ വിളിച്ചതും കരയ്ക്കിരുത്തിയതും. അതേസമയം ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലിട്ടണ്‍ ദാസാണ് ബംഗ്ലാദേശിനെ നയിക്കുന്നത്.

Related Articles

Back to top button