Cricket

ഈ പണിയ്ക്ക് കൊള്ളില്ലെങ്കില്‍ അയാളെ മാറ്റണം!! വിപ്ലവകരമായ നിര്‍ദ്ദേശവുമായി ഗൗതം ഗംഭീര്‍

ഐപിഎല്‍ 2024 സീസണ്‍ പൂര്‍ണമായും ബാറ്റര്‍മാര്‍ കൈയ്യടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി-ഗുജറാത്ത് മത്സരം മാത്രമാണ് ഇതിന് അപവാദം.

ബാക്കി ഒട്ടുമിക്ക മത്സരങ്ങളിലും ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇതിനു മുമ്പുള്ള 16 സീസണുകളിലായി ഒരു തവണ മാത്രമാണ് ടീം സ്‌കോര്‍ 260 പിന്നിട്ടതെങ്കില്‍ ഇത്തവണത്തെ ഐപിഎല്‍ പാതിവഴിയിലെത്തുമ്പോള്‍ തന്നെ നാലു തവണ 260 പിന്നിട്ടു കഴിഞ്ഞു.

അതില്‍ തന്നെ മൂന്നു തവണ 270നു മുകളിലാണ് ടീമുകള്‍ അടിച്ചു കൂട്ടിയത്. ബംഗളൂരുവിനെതിരേ 287 റണ്‍സ് നേടിയ ഹൈദരാബാദ് പുരുഷ ട്വന്റി20 ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് അടിച്ചു കൂട്ടിയത്.

ഈ സാഹചര്യത്തില്‍ ഒരു വിപ്ലവകരമായ നിര്‍ദ്ദേശവുമായി മുമ്പോട്ടു വന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായ ഗൗതം ഗംഭീര്‍. പന്ത് നിര്‍മിക്കുന്ന ആളെ മാറ്റുകയാണ് ഇതിനുള്ള പോംവഴിയെന്നാണ് ഗംഭീര്‍ പറയുന്നത്.

ബാറ്റ്‌സ്മാന്‍മാര്‍ 200 റണ്‍സിന് മുകളിലുള്ള ടോട്ടലുകള്‍ പിന്തുടരുമ്പോള്‍, ബാറ്റും പന്തും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് ആശങ്കകള്‍ വര്‍ദ്ധിക്കുന്നു.

ഐപിഎല്ലില്‍ ഉപയോഗിക്കുന്ന നിലവിലെ കുക്കാബുറ പന്ത് ഇന്നിംഗ്സിലുടനീളം ബൗളര്‍മാര്‍ക്ക് വേണ്ടത്ര സഹായം നല്‍കുന്നില്ലെന്ന് ഗൗതം ഗംഭീര്‍ വിശ്വസിക്കുന്നു.

”50 ഓവറുകള്‍ വരെ മാജിക്ക് സൃഷ്ടിക്കുന്ന പന്ത് സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ എന്തിനാണ് പന്ത് നിര്‍മ്മിക്കുന്ന ആളായി നില്‍ക്കുന്നത്. കുക്കാബുറ പന്തുകള്‍ മാറ്റി വേറെ പന്തുകള്‍ ഉപയോഗിക്കണം.അത് ഉണ്ടാക്കുന്ന ആളെയും മാറ്റണം ”180 നോട്ടൗട്ട് പോഡ്കാസ്റ്റില്‍ ഗംഭീര്‍ പറഞ്ഞു.

കുക്കാബുറയ്ക്കു പകരം ഡ്യൂക്ക് പന്തുകള്‍ അവതരിപ്പിക്കാനാണ് ഗംഭീര്‍ ബിസിസിഐയോട് ആവശ്യപ്പെടുന്നത്.

സ്വിങ് ചെയ്യാനുള്ള കഴിവുള്ള ഈ ബോളുകള്‍ക്ക് ബോളര്‍മാര്‍ക്ക് സഹായകരമാവും.ഇത് ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആക്രമണ ഓപ്ഷനുകള്‍ നല്‍കും, പ്രത്യേകിച്ച് സ്വാഭാവിക സ്വിംഗോ ബൗണ്‍സോ നല്‍കാത്ത പിച്ചുകളില്‍.” ഗൗതം പറയുന്നു.

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് കൊല്‍ക്കത്തയിലേക്ക് ഗൗതം ഗംഭീറിന്റെ തിരിച്ചു വരവ്. ക്യാപ്റ്റനായി രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ കെകെആറിനായി നേടിയിട്ടുള്ള ഗംഭീറിന്റെ തിരിച്ചു വരവില്‍ ടീമില്‍ ഉണ്ടായിട്ടുള്ള ഉണര്‍വും പ്രകടമാണ്.

ആറു മത്സരങ്ങളില്‍ നിന്ന് നാലു വിജയങ്ങളുമായി ഐപിഎല്‍ 2024 പോയിന്റ് പട്ടികയില്‍ കെകെആര്‍ നിലവില്‍ 2-ാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് അവസാന പന്തില്‍ പരാജയപ്പെട്ടത് കൊല്‍ക്കത്തയ്ക്ക് നിരാശ സമ്മാനിച്ചു. സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ ഒറ്റയാള്‍ പ്രകടനമാണ് അവര്‍ക്ക് തിരിച്ചടിയായത്.

Related Articles

Back to top button