Cricket

നോ സഞ്ജു, നോ ഡികെ!! ലോകകപ്പ് ടീമില്‍ വേണ്ടത് റിഷഭ് പന്താണെന്ന് പോണ്ടിംഗ്; കാരണമായി പറയുന്നത്…

ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വലിയ മത്സരമാണ് നടക്കുന്നത്. കെ.എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, റിഷഭ് പന്ത്, ധ്രുവ് ജൂറല്‍ എന്നിവരാണ് മുമ്പ് മത്സരരംഗത്തുണ്ടായിരുന്നതെങ്കില്‍ തകര്‍പ്പന്‍ പ്രകടനവുമായി വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കും ലോകകപ്പ് ടീമില്‍ അവകാശ വാദം ഉന്നയിക്കുന്നു.

ബാറ്റിംഗ് പ്രകടനത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ സഞ്ജുവും കാര്‍ത്തിക്കുമാണ് ഒരു പടി മുമ്പില്‍. ഇഷാന്‍ കിഷനും റിഷഭ് പന്തും തൊട്ടു പിന്നിലുണ്ട്.

ബാക്കിയുള്ളവര്‍ക്ക് സീസണില്‍ ഇതുവരെ അത്ര മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല.

അതേസമയം ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ആരു വേണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം പരിശീലകന്‍ റിക്കി പോണ്ടിംഗ്.

സഞ്ജുവോ, ഡിക്കെയോ, ഇഷാനോയല്ല മറിച്ച് തന്റെ ടീമായ ഡിസിയുടെ ക്യാപ്റ്റന്‍ കൂടിയായ റിഷഭിനെയാണ് ടീമിലെടുക്കേണ്ടതെന്നാണ് പോണ്ടിങിന്റെ അഭിപ്രായം.

പരിക്കേറ്റ് ഒരു വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്നും മാറി നിന്ന റിഷഭിന്റെ തിരിച്ചുവരവാണ് ഐപിഎല്ലില്‍ കണ്ടത്. രണ്ടു ഫിഫ്റ്റികളടക്കം നേടി അഗ്രസീവ് ബാറ്റിംഗ് കാഴ്ചവയ്ക്കുന്ന അദ്ദേഹം വിക്കറ്റ് കീപ്പിംഗിലും മികവ് പുലര്‍ത്തുന്നുണ്ട്.

ലോകകപ്പ് സ്‌ക്വാഡില്‍ റിഷഭ് ഇന്ത്യന്‍ ടീമില്‍ വേണമെന്നു ഞാന്‍ തീര്‍ച്ചയായും കരുതുന്നു. ഐപിഎല്ലിന്റെ അവസാനം ആവുമ്പോഴേക്കും അവന്‍ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പിക്കും. ഐപിഎല്ലില്‍ നേരത്തേയുള്ള ആറു സീസണുകളില്‍ കളിക്കുന്ന അതേ രീതിയിലാണ് റിഷഭ് ഇത്തവണയും കളിച്ചുകൊണ്ടിരിക്കുന്നതന്നും പോണ്ടിംഗ് നിരീക്ഷിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിനു ഒരുപാട് ആഴമുണ്ടെന്നതു നമുക്കു തീര്‍ച്ചയായും അറിയാം. വിക്കറ്റ് കീപ്പര്‍മാരിലേക്കു വന്നാല്‍ ചില ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ വളരെ മികച്ച ഫോമിലാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ഇഷാന്‍ കിഷന്‍ നന്നായി കളിച്ചുകൊണ്ടിരിക്കുന്നു.

സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍ എന്നിവരും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വിക്കറ്റ് കീപ്പിംഗില്‍ ഒരുപാട് ഓപ്ഷനുകളുണ്ട്. പക്ഷെ ഞാനൊരു ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആഴ്ചയിലെ എല്ലാ ദിവസവും റിഷഭ് പന്ത് ടീമിലുള്‍പ്പെടുമെന്നും പോണ്ടിംഗ് വ്യക്തമാക്കി.

ഐപിഎല്ലിലെ വിക്കറ്റ് കീപ്പര്‍മാരില്‍ ഒന്നാമനായ സഞ്ജുവിന് ഏഴു മത്സരങ്ങളില്‍ നിന്ന് 276 റണ്‍സാണുള്ളത്.55.20 ശരാശരിയും 155.05 സ്ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.

മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. നേരത്തേ റിഷഭായിരുന്നു റണ്‍വേട്ടക്കാരില്‍ രണ്ടാമനെങ്കിലും ഇപ്പോള്‍ അദ്ദേഹത്തെ പിന്തള്ളി ഡികെ മുന്നിലെത്തിക്കഴിഞ്ഞു.

റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി ഫിനിഷറുടെ റോളില്‍ കസറുകയാണ് വെറ്ററന്‍ താരം. ആറിന്നിംഗ്‌സുകളില്‍ നിന്നും 75.33 ശരാശരിയില്‍ 205.45 സ്ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. റിഷഭാവട്ടെ ആറിന്നിങ്സുകളില്‍ നിന്നും 32.33 ശരാശരിയില്‍ 157.72 സ്ട്രൈക്ക് റേറ്റില്‍ നേടിയത് 194 റണ്‍സാണ്. രണ്ടു ഫിഫ്റ്റികളും അദ്ദേഹം നേടിക്കഴിഞ്ഞു. കെഎല്‍ രാഹുല്‍ 204ഉം ഇഷാന്‍ കിഷന്‍ 184 റണ്‍സും ഇതുവരെ നേടിക്കഴിഞ്ഞു.

Related Articles

Back to top button