Cricket

ഗ്രൗണ്ട് സ്റ്റാഫിന് സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ച് ജയ് ഷാ!! ബിസിസിഐ ചെയ്തത് വലിയ കാര്യമെന്ന് ആരാധകര്‍

ഐപിഎല്ലിലെ വിജയികള്‍ക്കു മാത്രമല്ല ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി അഹോരാത്രം പണിയെടുത്ത ഗ്രൗണ്ട് സ്റ്റാഫിനും വന്‍തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ.

ടൂര്‍ണമെന്റ് സമാപിച്ചതിന് പിന്നാലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയായ പത്ത് സ്റ്റേഡിയങ്ങളിലെയും ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും ബിസിസിഐ സെക്രട്ടറി ജയ്ഷാ 25 ലക്ഷം രൂപ വീതമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈഡന്‍ ഗാര്‍ഡന്‍സ്(കൊല്‍ക്കത്ത), രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയം(ഹൈദരാബാദ്), സവായ് മാന്‍സിംഗ് സ്റ്റേഡിയം(ജയ്പൂര്‍), എം ചിന്നസ്വാമി സ്റ്റേഡിയം-ബെംഗളൂരു,എംഎ ചിദംബരം സ്റ്റേഡിയം(ചെന്നൈ), അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം(ന്യൂഡല്‍ഹി), അടല്‍ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയം( ലഖ്നൗ), നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം(ഗുജറാത്ത്), മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവും(മുള്ളന്‍പൂര്‍),വാങ്കഡെ സ്റ്റേഡിയം(മുംബൈ) എന്നീ സ്റ്റേഡിയങ്ങളിലെ ഗ്രൗണ്ട് സ്റ്റാഫും ക്യൂറേറ്റര്‍മാരുമാണ് പാരിതോഷികത്തിന് അര്‍ഹരായവര്‍.


10 ടീമുകളുടെയും ഹോം ഗ്രൗണ്ടിന് പുറമെ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ ആദ്യ മൂന്ന് ഹോം ഗെയിമുകള്‍ കളിച്ച വിശാഖപട്ടണത്തിലെ ഡോ വൈ.എസ് രാജശേഖര്‍ റെഡ്ഡി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും പഞ്ചാബ് കിംഗ്‌സ് അവസാന രണ്ട് ഹോം മത്സരങ്ങള്‍ കളിച്ച ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെയും രാജസ്ഥാന്‍ റോയല്‍സ് അവസാന ഹോം മത്സരങ്ങള്‍ കളിച്ച ഗുവാഹത്തിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും ഗ്രൗണ്ട്‌സ്മാന്‍മാര്‍ക്കും ക്യൂറേറ്റര്‍മാര്‍ക്കും പാരിതോഷികം ലഭിക്കും.

ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി രാപകലില്ലാതെ പണിയെടുത്ത പാടിപ്പുകഴ്ത്തപ്പെടാത്ത നായകരാണ് ഗ്രൗണ്ട് സ്റ്റാഫെന്ന് ജയ് ഷാ എക്‌സ് പോസ്റ്റില്‍ കുറിച്ചു. മോശം കാലാവസ്ഥയില്‍ പോലും അവരുടെ പ്രയത്‌നമാാണ് പല മത്സരങ്ങളും സാധ്യമാക്കിയതെന്നും ജയ് ഷാ വ്യക്തമാക്കി.

ടൂര്‍ണമെന്റിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 20 കോടി രൂപ സമ്മാനത്തുകയായി ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ലഭിച്ചത് 13 കോടി രൂപയാണ്. മൂന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സിന് 7 കോടി രൂപയും നാലാം സ്ഥാനക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 6.5 കോടി രൂപയും ലഭിച്ചു.

Related Articles

Back to top button