Cricket

12 ഓവറില്‍ അടിച്ചു പറത്തി ജയിച്ചു കേരളം!! ക്വാര്‍ട്ടര്‍ അസ്തമിച്ചിട്ടില്ല!!

സയിദ് മുഷ്താഖ് അലി ട്രേഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ദുര്‍ബലരായ മേഘാലയയെ ആണ് സഞ്ജുവും കൂട്ടരും നാണംകെടുത്തി വിട്ടത്. ആദ്യം ബാറ്റുചെയ്ത മേഘാലയയ്ക്ക് 20 ഓവര്‍ ബാറ്റു ചെയ്തിട്ടും നേടാനായത് വെറും 100 റണ്‍സാണ്. അതും എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ അടിച്ചു കസറിയ കേരളം അനായാസം ജയത്തിലെത്തി. 5 വിക്കറ്റിനാണ് കേരളത്തിന്റെ ജയം.

ഗ്രൂപ്പ് സിയില്‍ കേരളത്തിന് രണ്ടാം സ്ഥാനത്തെത്താന്‍ ജയത്തോടെ സാധിച്ചു. മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാര്‍ക്കും ക്വാര്‍ട്ടറിലെത്താന്‍ വഴിയുണ്ട്. അതിനായി ബാക്കിയുള്ള മല്‍സരങ്ങള്‍ക്ക് കൂടി കാത്തിരിക്കേണ്ടി വരും. കേരളത്തിന്റെ ഗ്രൂപ്പില്‍ നിന്നും കര്‍ണാടകയാണ് നേരിട്ട് ക്വാര്‍ട്ടറില്‍ എത്തിയത്. കര്‍ണാടകയെ തോല്‍പ്പിച്ച കേരളത്തിന് തിരിച്ചടിയായത് രണ്ട് അപ്രതീക്ഷിത തോല്‍വികളാണ്.

മികച്ച രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാന്‍ മികച്ച വിജയം വേണ്ടിയിരുന്ന കേരളത്തിന് വിഷ്ണു വിനോദാണ് മൊമന്റം നല്‍കിയത്. വെറും 12 പന്തില്‍ 27 റണ്‍സെടുത്ത് വിഷ്ണു തുടക്കം ഉഷാറാക്കി. 2 സിക്‌സറുകളും 3 ഫോറും വിഷ്ണുവിന്റെ ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. ക്യാപ്റ്റന്‍ സഞ്ജു വീണ്ടും നിരാശപ്പെടുത്തി. 2 പന്തില്‍ വെറും 4 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. മുഹമ്മദ് അസ്ഹറുദീന്‍ (14), രോഹന്‍ കുന്നുമ്മേല്‍ (7) എന്നിവര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

കേരളത്തിനായി വിക്കറ്റുകള്‍ വീഴ്ത്തിയത് എസ്. മിഥുനും വൈശാഖ് ചന്ദ്രനുമാണ്. തുടക്കം മുതല്‍ ടെസ്റ്റ് ശൈലിയിലാണ് മേഘാലയ ബാറ്റു വീശിയത്. 20 ഓവര്‍ കളിക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.

Related Articles

Back to top button