Cricket

ചുമത്തപ്പെട്ടിരിക്കുന്നത് വധശ്രമം ഉള്‍പ്പെടെ 19 കുറ്റങ്ങള്‍!! കോടതിയില്‍ കുഴഞ്ഞു വീണ് മൈക്കല്‍ സ്ലേറ്റര്‍

മുന്‍ ഓസ്ട്രേലിയന്‍ ബാറ്ററും ടെസ്റ്റ് ഓപ്പണറുമായിരുന്ന മൈക്കല്‍ സ്ലേറ്റര്‍ കോടതിയില്‍ കുഴഞ്ഞു വീണതായി റിപ്പോര്‍ട്ട്.

താരത്തിനെതിരായ കുറ്റങ്ങളില്‍ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനു പിന്നാലെയാണ് 54കാരന്‍ കോടതി മുറിയില്‍ കുഴഞ്ഞു വീണത്.

ഗാര്‍ഹിക പീഡനം, ദേഹോപദ്രവം, വധശ്രമം, ഭീഷപ്പെടുത്തല്‍ തുടങ്ങി 19 കുറ്റങ്ങളാണ് മുന്‍ താരത്തിനെതിരെ ഉയര്‍ന്നത്.

ഇതിനു പിന്നാലെ സംഭവത്തില്‍ മൈക്കല്‍ സ്ലേറ്ററെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച ജയിലില്‍ പാര്‍പ്പിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. സ്ലാറ്റര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നു പോലീസ് കോടതിയില്‍ ശക്തമായ നിലപാടെടുത്തു. ഇതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്.

ക്വിന്‍സ്ലന്‍ഡ് സ്റ്റേറ്റ് കോടതിയാണ് മുന്‍ ഓസീസ് ഓപ്പണര്‍ക്ക് ജാമ്യം നിഷേധിച്ചത്. ഇതോടെ സ്ലാറ്ററെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു ജഡ്ജി ഉത്തരവിറക്കി. തൊട്ടു പിന്നാലെയാണ് മുന്‍ താരം കുഴഞ്ഞു വീണത്.

തനിക്കെതിരായ ആരോപണങ്ങള്‍ സ്ലേറ്റര്‍ നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ താരം ഇനിയും ജയിലില്‍ തന്നെ കിടക്കണം. വിഷയത്തില്‍ മെയ് 31നു കമ്മിറ്റല്‍ ഹിയറിംഗ് നടക്കും.

ഒരു കാലത്ത് ഓസ്‌ട്രേലിയന്‍ ടീമിലെ പ്രമുഖ ബാറ്ററായിരുന്ന സ്ലേറ്റര്‍. 1996ലെ ലോകകപ്പ് ഫൈനലിലെത്തിയ ഓസ്‌ട്രേലിയന്‍ ടീമിലും അംഗമായിരുന്നു. ഏറെ നാളായി കമന്റേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Related Articles

Back to top button