Cricket

‘പണിയൊന്നുമില്ലാതെ’ ക്രിക്കറ്റ് കളിച്ചു നടക്കുന്നയാളല്ല അവന്‍ !! അമേരിക്കന്‍ ക്രിക്കറ്റ് താരത്തെക്കുറിച്ച് സഹോദരി പറയുന്നതിങ്ങനെ…

ട്വന്റി20 ലോകകപ്പില്‍ അപ്രതീക്ഷിത പ്രകടനത്തോടെ അമേരിക്കന്‍ ടീം സൂപ്പര്‍ എട്ടിലെത്തിയപ്പോള്‍ അതില്‍ പ്രധാന പങ്കുവഹിച്ചവരിലൊരാളാണ് ഇന്ത്യന്‍ വംശജനായ പേസ് ബൗളര്‍ സൗരഭ് നേത്രവല്‍ക്കര്‍. ബൗളിംഗില്‍ അമേരിക്കന്‍ ടീമിന്റെ കുന്തമുനയാണ് ഈ 32കാരന്‍.

ഇന്ത്യയ്ക്കായി അണ്ടര്‍19 ലോകകപ്പ് കളിച്ചിട്ടുള്ള താരം പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഇപ്പോഴിതാ താരത്തെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരി നിധി നേത്രവല്‍ക്കര്‍.

സൗരഭ് വളരെ ഭാഗ്യവാനായ താരമാണ്. അയാളുടെ കരിയറിന് ഒരുപാട് പേരുടെ പിന്തുണ ഉണ്ടായിട്ടുണ്ട്. ക്രിക്കറ്റ് കളിക്കില്ലാത്ത സമയത്ത് സൗരഭ് തന്റെ ജോലിയില്‍ വ്യാപൃതനായിരിക്കുമെന്ന് നിധി പറഞ്ഞു.

സൗരഭ് എവിടെ പോകുമ്പോഴും ലാപ്ടോപ് കൊണ്ടുപോകും. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷം ഹോട്ടലില്‍ ഇരുന്ന് ജോലി ചെയ്യും. ഇതൊരു നിസാര കാര്യമല്ല.

ചര്‍ച്ച്ഗേറ്റില്‍ പരിശീലനത്തിന് പോകുമ്പോള്‍ ട്രെയിനില്‍ ഇരുന്ന് സൗരഭ് തന്റെ ജോലികള്‍ ചെയ്യും. ക്രിക്കറ്റ് കളിക്കുന്ന കാലത്തും പഠനത്തിലും സൗരഭ് ഏറെ മുന്നിലായിരുന്നു. തന്റെ സഹോദരന്‍ ഒരേ സമയം രണ്ട് കരിയറുകള്‍ പടുത്തുയര്‍ത്തിയിരുന്നതായും നിധി വ്യക്തമാക്കി.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് സൗരഭ്. പാക്കിസ്ഥാനെതിരേ ഈ ലോകകപ്പില്‍ അമേരിക്ക ചരിത്ര വിജയം നേടിയപ്പോള്‍ മത്സരത്തില്‍ നിര്‍ണാകയ പ്രകടനമാണ് സൗരഭ് പുറത്തെടുത്തത്.

സൂപ്പര്‍ ഓവറില്‍ അമേരിക്കയ്ക്കായി ബൗള്‍ ചെയ്തത് സൗരഭ് ആയിരുന്നു. 19 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 13 റണ്‍സ് നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും ഉജ്ജ്വല പ്രകടനമായിരുന്നു സൗരഭ് പുറത്തെടുത്തത്. സൂപ്പര്‍ താരങ്ങളായ കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും വിക്കറ്റുകള്‍ നേടിയ താരം നാലോവറില്‍ വെറും 18 റണ്‍സ് മാത്രമാണ് വിട്ടു കൊടുത്തത്.

Related Articles

Back to top button