Cricket

വനിതാ ക്രിക്കറ്റില്‍ ‘തള്ളിക്കയറ്റം’ കണ്ട് ഞെട്ടി ബിസിസിഐ!

ഇന്ത്യയും ഓസ്‌ട്രേലിയന്‍ വനിതകളും തമ്മിലുള്ള അഞ്ച് ട്വന്റി-20 മല്‍സരങ്ങളുടെ പരമ്പര ഫ്രീയായി കാണാന്‍ അവസരം കൊടുത്തപ്പോള്‍ ബിസിസിഐ പോലും ഇത്ര പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

മല്‍സരം രാത്രി നടത്തിയും സ്റ്റേഡിയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചും തീരുമാനമെടുത്തപ്പോള്‍ ബോര്‍ഡ് സാമാന്യം നല്ലൊരു പങ്കാളിത്തം മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ രണ്ടാം ട്വന്റി-20 കാണാനെത്തിയത് 45,238 പേരാണ്. വാങ്കഡെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകര്‍.

വനിതാ ക്രിക്കറ്റിലേക്ക് ആരാധകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിസിസിഐ പ്രവേശനം സൗജന്യമാക്കിയത്. വനിതാ ക്രിക്കറ്റ് ആസ്വദിച്ചു തുടങ്ങിയാല്‍ പിന്നെ ടിക്കറ്റെടുത്തും ആരാധകര്‍ ഗ്യാലറികളിലെത്തുമെന്ന് ബോര്‍ഡ് കണക്കുകൂട്ടി. പക്ഷേ ഇത്രമാത്രം ആരാധകര്‍ സ്റ്റേഡിയത്തിലെത്തുമെന്ന് അവര്‍ ഒട്ടും പ്രതീക്ഷിച്ചില്ല.

രണ്ടാം മല്‍സരം തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പേ ഗ്യാലറി നിറഞ്ഞിരുന്നു. പരിശീലകന്‍ രമേശ് പവാറിന്റെ ഐഡിയയാണ് മല്‍സരം രാത്രി നടത്തുകയെന്നത്. കളിക്കാര്‍ക്ക് കൂടുതല്‍ എക്‌സ്പീരിയന്‍സ് ലഭിക്കാന്‍ ഇതു വഴിയൊരുക്കുമെന്ന് അദേഹം ബോര്‍ഡ് അധികൃതരെ ബോധ്യപ്പെടുത്തി. ബോര്‍ഡ് ഈ വാദത്തോട് അംഗീകരിക്കുകയും ചെയ്തു.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ വനിതാ ഐപിഎല്‍ ആരംഭിക്കാനിരിക്കെ ആവേശം പകരുന്ന പങ്കാളിത്തം തന്നെയാണ് ആരാധകരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. പ്രഥമ എഡിഷന്‍ അടുത്ത വര്‍ഷം മാര്‍ച്ച് മൂന്നിന് ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 26 നാവും ഫൈനല്‍. 2023 ടി-20 ലോകകപ്പ് അവസാനിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ വനിതാ ഐപിഎല്‍ ആരംഭിക്കാനാണ് ബിസിസിഐയുടെ പദ്ധതി.

അഞ്ച് ടീമുകളും 22 മത്സരങ്ങളുമാണ് ആദ്യ സീസണില്‍ ഉള്ളത്. ഒരു ടീമില്‍ ആകെ 18 അംഗങ്ങളെയും പരമാവധി 6 വിദേശ താരങ്ങളെയും ഉള്‍പ്പെടുത്താം. ആകെ അഞ്ച് പേരെ ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടുത്താം. അഞ്ചില്‍ ഒരു താരം അസോസിയേറ്റ് രാജ്യത്തില്‍ നിന്നാവണം.

ഗ്രൂപ്പ് ഘട്ടത്തില്‍ ടീമുകള്‍ പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. ആദ്യ സ്ഥാനത്ത് എത്തുന്ന ടീം നേരിട്ട് ഫൈനല്‍ കളിക്കും. 3, 4 സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവര്‍ തമ്മില്‍ എലിമിനേറ്റര്‍ കളിച്ച് അതില്‍ വിജയിക്കുന്ന ടീമാവും ഫൈനലിലെ രണ്ടാമത്തെ ടീം.

Related Articles

Back to top button