Cricket

പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം പന്ത് തന്നെ; യെസ് മൂളി രോഹിതും!

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് അവസാന നിമിഷം റിഷാഭ് പന്തിനെ ഒഴിവാക്കിയത് ടീമംഗങ്ങളെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. കാരണം വ്യക്തമാക്കാതെ പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതായി ബോര്‍ഡ് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ഇതോടെ വലിയ രീതിയിലുള്ള അഭ്യൂഹങ്ങളും പരന്നു.

പന്തിനെ ടീം മാനേജ്‌മെന്റ് ടീമില്‍ നിന്ന് ഒഴിവാക്കുകയാണന്നും അതല്ല താരത്തിന് കോവിഡ് പിടിപെട്ടുവെന്നും റൂമറുകള്‍ വന്നു. കാരണമെന്തെന്ന് തനിക്കു പോലും അറിയില്ലെന്ന് വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുല്‍ കൂടി പരസ്യമായി പറഞ്ഞതോടെ അഭ്യൂഹം ശക്തിപ്പെട്ടു. ഇപ്പോഴിതാ ക്രിക്ക്ബസ് കാരണം വ്യക്തമാക്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് പന്തിന്റെ തന്നെ ആവശ്യപ്രകാരം ആണെന്നാണ് ഇപ്പോള്‍ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സഞ്ജു സാംസണ്‍-പന്ത് താരതമ്യത്തില്‍ താരം വല്ലാത്ത ആത്മസംഘര്‍ഷത്തില്‍ ആണത്രേ. കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വിശ്രമം വേണമെന്ന് പന്ത് ആവശ്യപ്പെടുകയായിരുന്നു. ന്യൂസിലന്‍ഡില്‍ നിന്നും ധാക്കയിലെത്തി ടീമിനൊപ്പം പരിശീലന സെഷനിലും പങ്കെടുത്ത ശേഷമായിരുന്നു പന്തിന്റെ തീരുമാനം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കോച്ച് രാഹുല്‍ ദ്രാവിഡുമായും പന്ത് ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പന്തിന്റെ വിഷമം മനസിലാക്കിയ രോഹിതും ദ്രാവിഡും അദേഹത്തിന്റെ തീരുമാനത്തിന് ഒപ്പം നിന്നു. അവര്‍ ബോര്‍ഡിനെ ഇക്കാര്യം അറിയിച്ച് അനുമതി വാങ്ങിക്കുകയും ചെയ്തു.

പന്തിന് പകരം വിക്കറ്റ് കാത്ത രാഹുലിന്റെ പിഴവില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. അവസാന വിക്കറ്റില്‍ മെഹദി ഹസനും മുഷ്താഫിസുര്‍ റഹ്‌മാനും ചേര്‍ന്ന കൂട്ടുകെട്ടാണ് ബംഗ്ലാദേശിന് വിജയമൊരുക്കിയത്. മെഹദിയുടെ ക്യാച്ച് വിട്ടുകളഞ്ഞ രാഹുല്‍ തോല്‍വിയില്‍ പങ്കാളിയാകുകയും ചെയ്തു.

Related Articles

Back to top button