Football

ലോകകപ്പിനിടെ വീട്ടില്‍ കള്ളന്‍ കയറി; സ്റ്റെര്‍ലിംഗ് നാട്ടിലേക്ക് പറന്നു!

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ ഇംഗ്ലണ്ട് ടീമില്‍ സ്ട്രൈക്കര്‍ റഹീം സ്റ്റെര്‍ലിംഗിനെ കാണാതെ ആരാധകര്‍ അന്തംവിട്ടു. 10-ാം നമ്പര്‍ താരമായ സ്റ്റെര്‍ലിംഗിനെ സൈഡ്ബെഞ്ചില്‍ ഇരുത്താന്‍ പോലും പരിശീകന്‍ ഗാരെത് സൗത്ത്ഗേറ്റ് തയാറായില്ല എന്നതിലായിരുന്നു ഇംഗ്ലീഷ് ആരാധകരുടെ അദ്ഭുതം.

ടിം ലിസ്റ്റില്‍ പോലും സ്റ്റെര്‍ലിംഗ് ഇല്ലാതിരുന്നതോടെ താരത്തിനു പരിക്കോമറ്റോ ഉണ്ടായോ എന്നും ആശങ്കയുയര്‍ന്നു. എന്നാല്‍, റഹീം സ്റ്റെര്‍ലിംഗിന്റെ ആബ്സെന്റിന്റെ യഥാര്‍ഥ കാരണം മറ്റൊന്നായിരുന്നു. ഇംഗ്ലണ്ട് ടീം പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനായി സെനഗലിന് എതിരേ ഇറങ്ങുന്നതിനു മുമ്പായി സ്റ്റെര്‍ലിംഗിന്റെ ലണ്ടനിലെ വീട്ടില്‍ കൊള്ള നടന്നു.

പ്രീമാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് സ്റ്റെര്‍ലിംഗ് സെനഗലിനെതിരേ കളിക്കില്ല എന്ന് സൗത്ത്ഗേറ്റ് പറഞ്ഞിരുന്നു. എന്നാല്‍ താരം ടീം വിട്ട് നാട്ടിലേക്ക് പറന്നതായാണ് ഏറ്റവും പുതിയ വിവരം. വീട്ടിലെ കൊള്ളയടിക്കുപിന്നാലെ സ്റ്റെര്‍ലിംഗ് യുകെയിലേക്ക് തിരികെ പറന്നു. ശനിയാഴ്ച വൈകുന്നേരമാണ് കൊള്ള നടന്നത്.

ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ മത്സരത്തിനായി ഇറങ്ങുന്നതിനു മണിക്കൂറുകള്‍ മുമ്പായിരുന്നു അത്. ആയുധധാരികളായ കൊള്ളക്കാരാണ് സ്റ്റെര്‍ലിംഗിന്റെ വീട്ടില്‍ കയറിയതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും റഹീം സ്റ്റെര്‍ലിംഗ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉണ്ടായിരുന്നു.

ഒരു ഗോള്‍ നേടുകയും ചെയ്തു. 27 കാരാനായ താരം വൈകാതെ ഖത്തറിലേക്ക് തിരിക്കുമെന്നും ടീമിനൊപ്പം ചേരുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കുടുംബത്തോടൊപ്പം ആയിരിക്കേണ്ട സമയമാണ് ഇതെന്നും എത്രസമയം വേണമെങ്കിലും അദ്ദേഹം എടുത്തോട്ടെയെന്നുമായിരുന്നു സ്റ്റെര്‍ലിംഗ് എന്ന് തിരിച്ചെത്തും എന്നതുള്ള ഗാരെത് സൗത്ത്ഗേറ്റിന്റെ മറുപടി.

ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ആണ് ഇംഗ്ലണ്ടിന്റെ എതിരാളി. 2016 ല്‍ ഗാരെത് സൗത്ത്ഗേറ്റ് ഇംഗ്ലീഷ് ടീം മാനേജര്‍ സ്ഥാനത്ത് എത്തിയതുമുതല്‍ സ്റ്റെര്‍ലിംഗ് അദ്ദേഹത്തിന്റെ ടീമിലെ നിര്‍ണായക സാന്നിധ്യമാണ്. ഫ്രാന്‍സിന് എതിരായ ക്വാര്‍ട്ടറിനു മുമ്പ് സ്റ്റെര്‍ലിംഗ് ടീമിനൊപ്പം ചേരുമോ എന്ന ആശങ്കയിലാണ് ഇംഗ്ലീഷ് ആരാധകര്‍.

പ്രീക്വാര്‍ട്ടറില്‍ സെനഗലിനെ 3-0നു കീഴടക്കിയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നത്. പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെ 3-1നു മറികടന്നാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ സമയം ശനിയാഴ്ച അര്‍ധരാത്രി 12.30നാണ് ഇംഗ്ലണ്ട്-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍.

Related Articles

Back to top button