Football

2026 ലോകകപ്പില്‍ ഗ്രൂപ്പുകളില്‍ വന്‍ മാറ്റം!! ടീമുകള്‍ക്കും സന്തോഷം!!

2026 ല്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ഫിഫ. 48 ടീമുകളിലേക്ക് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഉറപ്പായ ലോകകപ്പില്‍ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ നിലയിലുള്ള നാല് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ ഇനി ഓര്‍മയായി മാറും. പുതിയ ഫോര്‍മാറ്റിലേക്ക് മാറുമ്പോള്‍ മൊത്തം സമവാക്യങ്ങളും മാറും.

ഫിഫയുടെ ആലോചനയിലുള്ള ഗ്രൂപ്പ് രീതികളെക്കുറിച്ച് ഫിഫ ഡയറക്ടര്‍ ഓഫ് ഗ്ലോബല്‍ ഫുട്‌ബോള്‍ അര്‍സെന്‍ വെംഗറാണ് സൂചന നല്‍കിയത്. സ്‌പോര്‍ട്‌സ് ബൈബിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

48 ടീമുകളെ 16 ഗ്രൂപ്പുകളാക്കി മാറ്റാനാണ് നീക്കം. ഒരു ഗ്രൂപ്പില്‍ മൂന്ന് ടീമുകള്‍ വീതമാകും പ്രാഥമിക റൗണ്ട്. പ്രാഥമിക റൗണ്ടില്‍ നിലവില്‍ ഒരു ടീമിന് മൂന്ന് മല്‍സരം വീതം ലഭിച്ചിരുന്നത് ഇനി മുതല്‍ രണ്ട് മല്‍സരങ്ങളായി കുറയും. എന്നാല്‍ മറ്റൊരു സന്തോഷ വാര്‍ത്തയുണ്ട്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം അടുത്ത റൗണ്ടിലെത്തും.

രണ്ടാം റൗണ്ടില്‍ 32 ടീമുകള്‍ ഉണ്ടാകും. അതായത് നിലവില്‍ ലോകകപ്പ് കളിക്കുന്ന അത്രയും ടീമുകള്‍. ഈ റൗണ്ട് മുതല്‍ നോക്കൗട്ട് ആണോ അതോ വീണ്ടും ഗ്രൂപ്പുകളാക്കി തിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇക്കാര്യത്തിലൊന്നും അന്തിമ തീരുമാനം എടുത്തിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ കൗണ്‍സിലില്‍ ആയിരിക്കും ഗ്രൂപ്പുകളുടെ കാര്യത്തില്‍ ഉള്‍പ്പെടെ തീരുമാനം വരിക.

അതേസമയം, നാല് ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പുകളായി പ്രാഥമിക റൗണ്ട് തിരിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു വരുന്നുണ്ട്. രണ്ടാം റൗണ്ടിലേക്ക് 24 ടീമുകളെത്തും. ഈ 24 ടീമുകളെ നാല് വീതം ടീമുകളുള്ള 6 ഗ്രൂപ്പുകളാക്കി തിരിച്ച് വീണ്ടും ഗ്രൂപ്പ് തലത്തില്‍ മല്‍സരം നടത്തണമെന്നാണ് നിര്‍ദേശം. ഇങ്ങനെ വരുമ്പോള്‍ മല്‍സരങ്ങളുടെ എണ്ണവും ലോകകപ്പിന്റെ ദൈര്‍ഘ്യവും കൂടും.

കൂടുതല്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പില്‍ പ്രാതിനിധ്യം ലഭിക്കാന്‍ വേണ്ടിയാണ് ഫിഫ 48 ടീമുകളിലേക്ക് ലോകകപ്പ് ഉയര്‍ത്തുന്നത്. ഏഷ്യ അടക്കമുള്ള ഭൂഖണ്ഡങ്ങള്‍ക്ക് കൂടുതല്‍ സ്ലോട്ടും പുതിയ ഫോര്‍മറ്റില്‍ ലഭിക്കും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കും ഇതുമൂലം ഗുണം ലഭിക്കും.

Related Articles

Back to top button