Cricket

സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരൊക്കെയാവും !! 90 ശതമാനം സാധ്യത ഇങ്ങനെ…

ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നിരിക്കുകയാണ്. ആതിഥേയരായ അമേരിക്കയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 10 പന്ത് ശേഷിക്കെ വിജയത്തിലെത്തുകയായിരുന്നു.

ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നതോടെ ആരൊക്കെയാവും സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ഗ്രൂപ്പില്‍ ഉണ്ടാവുക എന്ന ചര്‍ച്ചയും സജീവമായി.

സീഡിംഗ് അനുസരിച്ചാണ് സൂപ്പര്‍ എട്ടിലെ ഗ്രൂപ്പിനെ നിര്‍ണയിക്കുന്നത്. സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ ഗ്രൂപ്പ് എയിലെയും ഗ്രൂപ്പ് സിയിലെയും ഒന്നാം സീഡുകളും ഗ്രൂപ്പ് ബിയിലെയും ഗ്രൂപ്പ് ഡിയിലെയും രണ്ടാം സീഡുകളുമാണ് മത്സരിക്കുക.

ഇന്ത്യ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരും ഒന്നാം സീഡുകളുമായ ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയില്‍ നിന്ന് ഗ്രൂപ്പ് ബിയിലെ രണ്ടാം സീഡുകളായ ഓസ്‌ട്രേലിയയാണ് ഇടംപിടിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബിയിലെ ഒന്നാം സീഡുകളായ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ കടക്കുമോയെന്ന കാര്യം തന്നെ സംശയമാണ്.

മൂന്നു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുള്ള ഓസ്‌ട്രേലിയയും ഇത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയിന്റുള്ള സ്‌കോട്ട്‌ലന്‍ഡും തമ്മിലുള്ള മത്സരമായിരിക്കും ഗ്രൂപ്പ് ചാമ്പ്യനെ നിര്‍ണയിക്കുക. നിലവില്‍ ഓസ്‌ട്രേലിയയ്ക്കാണ് മുന്‍തൂക്കം.

ഗ്രൂപ്പ് സിയിലെ ഒന്നാം സീഡുകാരായ ന്യൂസിലന്‍ഡ് സൂപ്പര്‍ എട്ടില്‍ കടക്കുമോയെന്ന കാര്യം സംശയത്തിലാണ് ഈ സാഹചര്യത്തില്‍ സൂപ്പര്‍ എട്ടില്‍ കടക്കാന്‍ സാധ്യതയുള്ള അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ ഗ്രൂപ്പില്‍ ഇടംപിടിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

നിലവില്‍ നാലു പോയിന്റുള്ള അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന് രണ്ടു മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. പാപ്പുവ ന്യൂഗിനിയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരേയാണ് അവരുടെ അടുത്ത മത്സരങ്ങള്‍.

ഈ രണ്ടു മത്സരങ്ങളിലും അഫ്ഗാനിസ്ഥാന്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയും ന്യൂസിലന്‍ഡ് ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും വന്‍വിജയം നേടുകയും ചെയ്താല്‍ മാത്രമേ ന്യൂസിലന്‍ഡിന് സൂപ്പര്‍ എട്ടില്‍ കടക്കാനാവൂ. അതിനാല്‍ തന്നെ അഫ്ഗാനിസ്ഥാനു തന്നെയാവും സാധ്യത.

ഗ്രൂപ്പ് ഡിയിലെ രണ്ടാം സീഡായ ശ്രീലങ്ക ഏകദേശം പുറത്തായതിനാല്‍ സീഡില്ലാത്ത ടീമുകളായ ബംഗ്ലാദേശിനും നെതര്‍ലന്‍ഡ്‌സിനുമാണ് സാധ്യത. ഇരു ടീമുകളില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന ടീം സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ഗ്രൂപ്പില്‍ ഇടം പിടിക്കും.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍/ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്/ നെതര്‍ലന്‍ഡ്‌സ് എന്നിങ്ങനെയായിരിക്കും സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്ന്.

Related Articles

Back to top button