Cricket

ബെന്‍ ഡക്കറ്റിന്റെ സൂപ്പര്‍ സെഞ്ചുറി ഇന്ത്യയ്ക്കുള്ള അപായ സൂചനയോ ? കണക്കുകള്‍ ഇന്ത്യയ്‌ക്കെതിര്

രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 445 പിന്തുടരുന്ന ഇംഗ്ലണ്ട് 291ന് അഞ്ച് എന്ന മികച്ച നിലയിലാണ്. ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ ഏകദിന ശൈലിയിലുള്ള സെഞ്ചുറിയാണ് സന്ദര്‍ശകരെ കൈപിടിച്ചുയര്‍ത്തിയത്.

വെറും 151 പന്തില്‍ 153 റണ്‍സ് നേടിയാണ് ഡക്കറ്റ് ബാസ്‌ബോള്‍ നടപ്പിലാക്കിയത്. ഒരു വശത്ത് മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നപ്പോഴും മറുവശത്ത് തകര്‍ത്തടിച്ച് ഡക്കറ്റ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ ടീം സ്‌കോര്‍ 260ല്‍ നില്‍ക്കവെ കുല്‍ദീപ് യാദവിന്റെ പന്തില്‍ ശുഭ്മന്‍ ഗില്ലിന് ക്യാച്ച് നല്‍കിയാണ് ഇംഗ്ലണ്ട് ഓപ്പണര്‍ പുറത്തായത്. 23 ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടെ 101.32 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

എന്നാല്‍ ഇംഗ്ലണ്ട് ഓപ്പണര്‍ 150നു മുകളിലുള്ള സ്‌കോര്‍ നേടിയതിനു പിന്നാലെ ആശങ്കയിലായിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. കണക്കുകള്‍ അവരെ ഭയപ്പെടുത്തുന്നതാണ്.

ഇത് ആറാം തവണയാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ഇന്ത്യക്കെതിരേ ഇന്ത്യയില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ 150+ സ്‌കോര്‍ ചെയ്തത്.

മുമ്പ് അഞ്ചു തവണ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ 150 പിന്നിട്ടപ്പോള്‍ നാലു തവണയും ജയം അവര്‍ക്കൊപ്പം നിന്നു. ഒരു തവണ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ഇതാണ് ഇന്ത്യന്‍ ആരാധകരെ ആശങ്കപ്പെടുത്തുന്ന കാര്യം.

1976ല്‍ ഡല്‍ഹിയില്‍ 176 റണ്‍സ് നേടിയ ഡെനീസ് അമീസാണ് ഈ നിരയിലെ ആദ്യ ബാറ്റര്‍. പിന്നീട് ടിം റോബിന്‍സണ്‍ 1984ല്‍ ഡല്‍ഹിയില്‍ ഇന്ത്യയ്‌ക്കെതിരേ 160 റണ്‍സ് അടിച്ചു. 1985ലെ ചെന്നൈ ടെസ്റ്റില്‍ 201 റണ്‍സ് നേടിയ ഗ്രെയ്മി ഫ്‌ളവറാണ് ഇക്കൂട്ടത്തില്‍ മുമ്പന്‍.

പിന്നീട് 2012ല്‍ അലിസ്റ്റര്‍ കുക്ക് കൊല്‍ക്കത്ത, അഹമ്മദാബാദ് ടെസ്റ്റുകളില്‍ യഥാക്രമം 190, 176 റണ്‍സുകള്‍ സ്‌കോര്‍ ചെയ്തു. ഇതില്‍ അഹമ്മദാബാദ് ടെസ്റ്റില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്.

2012ലെ അഹമ്മദാബാദ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. 304ന് ഏഴ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. റെഹാന്‍ അഹമ്മദ്(0), ടോം ഹാര്‍ട്ട്‌ലി(5) എന്നിവരാണ് ക്രീസില്‍.

Related Articles

Back to top button