Cricket

രോഹിത് ശര്‍മയുടെ ഔട്ട് ആഘോഷിച്ചതിന് ചെന്നൈ ആരാധകനെ തല്ലിക്കൊന്നു!! മുംബൈ ആരാധകരുടെ ചെയ്തില്‍ നടുങ്ങി ക്രിക്കറ്റ് ലോകം

ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വികളുമായി ഏറെ പഴി കേള്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനു മേല്‍ ഒരു നാണക്കേടു കൂടി വന്നു ചേര്‍ന്നിരിക്കുകയാണ്.

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരേ പരാജയപ്പെട്ടിരുന്നു. ആറു വിക്കറ്റിനായിരുന്നു മുംബൈയുടെ തോല്‍വി. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും ഏറ്റ തോല്‍വിയുടെ ക്ഷീണം മാറുന്നതിനു മുമ്പായിരുന്നു മൂന്നാമത്തെ തോല്‍വി. അതും ഹോം മത്സരത്തില്‍.

ഇപ്പോഴിതാ മുംബൈയുടെ തോല്‍വിയേക്കാളേറെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഐപിഎല്‍ മത്സരത്തിനിടയുണ്ടായ തര്‍ക്കത്തിനിടെ ഒരു ചെന്നൈ ആരാധകരനെ മുംബൈ ആരാധകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മാര്‍ച്ച് 27ന് നടന്ന മുംബൈ-ഹൈദരാബാദ് മത്സരത്തില്‍ മുംബൈ താരം രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ചെന്നൈ ആരാധകനായ ബന്തുപന്ത് ടിബല്‍ ആഘോഷം നടത്തിയിരുന്നു.

ഇതില്‍ രോഷാകുലരായ രണ്ട് മുംബൈ ആരാധകര്‍ ചേര്‍ന്ന് ടിബലിനെ മര്‍ദിക്കുകയായിരുന്നു. രണ്ട് ആളുകള്‍ ചേര്‍ന്ന് വടിയും മരപ്പലകയും ഉപയോഗിച്ച് 65 കാരനായ ചെന്നൈ ആരാധകനെ മര്‍ദിക്കുകയായിരുന്നു. കോഹ്ലാംപൂരിലെ ഹന്‍മന്ത്വാഡിയിലാണ് സംഭവം നടന്നത്.

മര്‍ദനത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചെന്നൈ ആരാധകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മര്‍ദ്ദിച്ച രണ്ട് പ്രതികളെ ലോക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദിനെതിരായ മത്സരത്തില്‍ 12 പന്തില്‍ 26 നേടിക്കൊണ്ടായിരുന്ന രോഹിത് ശര്‍മ പുറത്തായത്. ഒരു ഫോറും മൂന്ന് സിക്സുകളും ആണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു രോഹിതിന്റെ മടക്കം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തപ്പോള്‍ മുംബൈയുടെ മറുപടി അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 246ല്‍ അവസാനിക്കുകയായിരുന്നു.

ഏപ്രില്‍ ഏഴിന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

Related Articles

Back to top button