Cricket

ചതിച്ചത് തണ്ണിമത്തന്‍ വളര്‍ന്ന ‘നമ്പര്‍ 6’ പിച്ച്; കാര്യവട്ടത്ത് റണ്ണൊഴുകാതിരുന്നതിന് കാരണമുണ്ട്!!

വളരെ ആവേശത്തോടെയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മല്‍സരത്തിനായി ആരാധകര്‍ പോയത്. എന്നാല്‍ ട്വന്റി-20 ക്രിക്കറ്റിന് പറ്റിയ ഒരു സ്വഭാവവും കാണിക്കാത്ത പിച്ചില്‍ ഇന്ത്യ ജയിച്ചെങ്കിലും ആരാധകര്‍ ഹാപ്പിയല്ല. ഇതുപോലൊരു പിച്ചില്‍ കുട്ടിക്രിക്കറ്റ് നടത്താന്‍ കൊള്ളില്ലെന്ന് തന്നെയാണ് ഏവരും പറയുന്നത്. എന്തു പറ്റിയതാണ് ഗ്രീന്‍ഫീല്‍ഡിലെ പിച്ചിന്. പേരുപോലെ ഗ്രീന്‍ മയമായിരുന്നു പിച്ച്. ഗ്രൗണ്ടേതാ പിച്ചേതായെന്ന് നോക്കിയാല്‍ മനസിലാകാത്ത അവസ്ഥ.

കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയ്ക്കല്ല പിഴച്ചത്. പിച്ച് റെഡിയാക്കിയ ക്യൂറേറ്റര്‍ എ.എം ബിജുവിനുമല്ല തെറ്റുപറ്റിയത്. അത് പിച്ച് തെരഞ്ഞെടുത്തവര്‍ക്കാണ്. മൊത്തം ആറ് പ്രധാന വിക്കറ്റുകള്‍ മല്‍സരത്തിനായി ഒരുക്കിയിരുന്നു. ഇതില്‍ ഏറ്റവും പച്ചപ്പ് നിറഞ്ഞ പിച്ചുകളിലൊന്നാണ് മല്‍സരത്തിനായി തെരഞ്ഞെടുത്തത്. തുടക്കം മുതല്‍ ഡബിള്‍ ബൗണ്‍സായിരുന്നു വിക്കറ്റില്‍ നിന്നുണ്ടായത്. ബാറ്റ്‌സ്മാന്മാര്‍ക്ക് വിശ്വസിച്ച് ഷോട്ട് കളിക്കാന്‍ പറ്റാത്ത അവസ്ഥ.

2016 ല്‍ നിര്‍മിച്ച പിച്ചിലാണ് ഇത്തവണ മത്സരം നടന്നത്. 80 അടി നീളത്തിലും 10 അടി വീതിയിലുമാണ് പിച്ച് നിര്‍മിക്കുന്നത്. ഒന്നര അടി കുഴിച്ച് ആദ്യം 12 ഇഞ്ച് കനത്തില്‍ മണല്‍ വിരിക്കും. അതിനുമുകളില്‍ കളിമണ്ണ് പാകി പുല്ല് നട്ടുപിടിപ്പിച്ചാണ് പിച്ച് തയ്യാറാക്കുന്നത്. പുല്ല് ചെത്തി പ്രതലം ഏറെനാള്‍ റോള്‍ചെയ്താണ് പിച്ച് തയ്യാറാക്കുന്നത്. കാലം കഴിയുന്തോറും പുല്ല് കൂടുതല്‍ ആഴത്തില്‍ വേരുപിടിക്കുകയും കളിമണ്ണ് കൂടുതല്‍ സെറ്റാവുകയും ചെയ്യുന്നതോടെ പിച്ചിന്റെ സ്വഭാവം കൂടുതല്‍ മികച്ചതാകും.

ഇത്രയും നാള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നോക്കാനാളില്ലാതെ അലങ്കോലപ്പെട്ട് കിടക്കുകയായിരുന്നു. ഉപയോഗിക്കാതെ കിടന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിലവിലെ രീതിയിലാക്കുക വെല്ലുവിളിയായിരുന്നുവെന്ന് പിച്ച് ഒരുക്കിയ കെസിഎ ക്യുറേറ്റര്‍ എഎം ബിജു പറഞ്ഞിരുന്നു.

‘തണ്ണിമത്തന്‍ കിളിര്‍ത്തുകിടന്ന മൈതാനത്താണ് മികച്ച ബാറ്റിംഗ് പിച്ച് ഒരുക്കിയത്. അത് മല്‍സരത്തില്‍ തന്നെ തിരിച്ചടിയായി. ഈ വര്‍ഷം ഇന്ത്യയില്‍ നടന്ന ട്വന്റി-20 മല്‍സരങ്ങളില്‍ ഏറ്റവും പച്ചപ്പ് നിറഞ്ഞായിരുന്നു ഗ്രീന്‍ഫീല്‍ഡിലേത്. പക്ഷേ ട്വന്റി-20യ്ക്ക് പറ്റിയതല്ലെന്ന് മാത്രം.

Related Articles

Back to top button