Cricket

ഇന്ത്യയും പാക്കിസ്ഥാനുമടക്കമുള്ളവര്‍ ഇവരെ കണ്ടു പഠിക്കണം !! ബൗളിംഗ് അച്ചടക്കത്തിലൂടെ ഏവരെയും ഞെട്ടിച്ച് കുഞ്ഞന്‍ ടീം

ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. നാല് ഗ്രൂപ്പില്‍ നിന്നുമായി എട്ട് ടീമുകളാണ് സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയും അമേരിക്കയും തമ്മിലാണ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരം. ടൂര്‍ണമെന്റിലുടനീളം ബാറ്റര്‍മാര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഇതുവരെ കണ്ടത്.

ഗ്രൂപ്പ് ഘട്ടത്തില്‍ 40 മത്സരങ്ങള്‍ അവസാനിച്ചിട്ടും ഒരു സെഞ്ചുറി പോലും ഇതുവരെ പിറന്നില്ല. 26 അര്‍ധ സെഞ്ചുറികളാണ് ഇതുവരെ പിറന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം നിക്കോളാസ് പൂരന്‍ നേടിയ 98 ആണ് ലോകകപ്പിലെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.

ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചാണെങ്കിലും എക്സ്ട്രാസിലൂടെ നിരവധി റണ്‍സാണ് ബൗളര്‍മാര്‍ ഈ ലോകകപ്പില്‍ വഴങ്ങിയത്.

സൂപ്പര്‍ ടീമുകളെല്ലാം തന്നെ വൈഡിലൂടെയും നോ ബോളുകളിലൂടെയും റണ്‍സ് വഴങ്ങിയപ്പോള്‍ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ അസോസിയേറ്റ് ടീമുകളില്‍ പലരും അച്ചടക്കത്തോടെ പന്തെറിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ വൈഡും നോബോളും അടക്കം ഏറ്റവുമധികം എക്‌സ്ട്രാസ് എറിഞ്ഞത് അഫ്ഗാനിസ്ഥാനാണ്. വൈഡും നോബോളുമായി 36 എക്‌സ്ട്രാ റണ്‍സാണ് അവര്‍ വഴങ്ങിയത്.

പാക്കിസ്ഥാന്‍(31), കാനഡ(31), ഓസ്‌ട്രേലിയ(24), ഇന്ത്യ(22) എന്നിങ്ങനെയാണ് എക്‌സ്ട്രാസ് വഴങ്ങാന്‍ മുമ്പില്‍ നിന്നവരുടെ കണക്കുകള്‍.

അതേ സമയം തുടക്കക്കാരായ നേപ്പാളും യുഎസ്എയും വെറും ഒമ്പത് എക്‌സ്ട്രാസ് വീതം മാത്രമാണ് വഴങ്ങിയത് എന്നോര്‍ക്കണം.

ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച എക്കണോമിയില്‍ പന്തെറിഞ്ഞ ടീമുകളിലൊന്നാണ് നേപ്പാള്‍. മൂന്നു മത്സരങ്ങളില്‍ കളത്തിലിറങ്ങിയ അവര്‍ നെതര്‍ലന്‍ഡിനെതിരേ 106 റണ്‍സിന് പുറത്തായെങ്കിലും ഡച്ച് ടീമിന് 19-ാം ഓവറിലെ നാലാം പന്തിലാണ് വിജയിക്കാനായത്.

ദക്ഷിണാഫ്രിക്കയെ 115ലും ബംഗ്ലാദേശിനെ 106ലും ഒതുക്കാന്‍ നേപ്പാളിന്റെ ബൗളിംഗ് നിരയ്ക്കായി. എന്നാല്‍ ബാറ്റിംഗിലെ പോരാമയ്മ അവരെ ജയത്തില്‍ നിന്ന് അകറ്റുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ പിച്ചുകള്‍ ബൗളര്‍മാരെ തുണച്ചപ്പോള്‍ സൂപ്പര്‍ എട്ടില്‍ ബാറ്റര്‍മാര്‍ക്കും തിളങ്ങാന്‍ അവസരമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

പ്രാഥമിക റൗണ്ടിലെ മത്സരങ്ങളില്‍ 16 എണ്ണവും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലാണ് നടന്നത്. ഇതില്‍ എട്ടു മത്സരവും ബാറ്റര്‍മാരുടെ ശവപ്പറമ്പായി മാറിയ ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തിലായിരുന്നു.

അതേസമയം സൂപ്പര്‍ എട്ടിലെ 12 മത്സരങ്ങളും നടക്കുന്നത് വെസ്റ്റ് ഇന്‍ഡീസിലെ സ്റ്റേഡിയങ്ങളിലാണ്.

ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയും യു.എസ്.എയും സൂപ്പര്‍ 8ലേക്ക് കുതിച്ചപ്പോള്‍ ബി-യില്‍ നിന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഗ്രൂപ്പ് സി-യില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസും അഫ്ഗാനിസ്ഥാനും സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു. സൗത്ത് ആഫ്രിക്കയും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് ഡി-യില്‍ നിന്നുള്ള ടീമുകള്‍.

സൂപ്പര്‍ എട്ടിലെ ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ: ഇന്ത്യ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍

ഗ്രൂപ്പ് ബി: വെസ്റ്റ് ഇന്‍ഡീസ്, യു.എസ്.എ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്.

ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമി ഫൈനലില്‍ പ്രവേശിക്കും

Related Articles

Back to top button