Cricket

സഞ്ജുവില്ല !! സിംബാബ്‌വെയ്‌ക്കെതിരേയുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് സാബ കരിം

ട്വന്റി20 ലോകകിരീടം 17 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടെടുത്ത ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വിക്ടറി പരേഡ് മഹാസംഭവമായി മാറിയിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് പരേഡ് കാണാനായായി തടിച്ചു കൂടിയത്.

അതേസമയം സിംബാബ് വെയ്‌ക്കെതിരെയുള്ള അഞ്ചു മത്സര ട്വന്റി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം സിംബാബ് വെയില്‍ എത്തിക്കഴിഞ്ഞു. ലോകകപ്പില്‍ കളിച്ച പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമമനുവദിച്ച സാഹചര്യത്തില്‍ ഒരുപിടി യുവതാരങ്ങളുടെ അരങ്ങേറ്റത്തിനാവും പരമ്പര സാക്ഷ്യം വഹിക്കുക.

ശുഭ്മാന്‍ ഗില്ലാണ് നായകന്‍. ലോകകപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളില്‍ സഞ്ജു സാംസണ്‍, യശ്വസി ജയ്സ്വാള്‍, റിങ്കു സിംഗ് എന്നിവരാണ് സിംബാബ്‌വെ പര്യടനത്തിലുള്ളത്.

ഇവര്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷമാവും ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. യുവതാരങ്ങളുമായിറങ്ങുന്ന ഇന്ത്യ സിംബാബ് വെയില്‍ നിന്ന് വലിയ വെല്ലുവിളി നേരിടാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് 11 എങ്ങനെ വേണമെന്നത് സംബന്ധിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ സെലക്ടറായ സാബ കരീം ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെ വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.

ഓപ്പണര്‍ റോളില്‍ അഭിഷേക് ശര്‍മ വേണമെന്നാണ് സാബ കരീം പറയുന്നത്. ഇടം കൈയന്‍ താരമായ അഭിഷേക് ഇത്തവണത്തെ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.

16 മത്സരത്തില്‍ നിന്ന് 484 റണ്‍സാണ് യുവതാരം അടിച്ചെടുത്തത്. പവര്‍പ്ലേയില്‍ കത്തിക്കയറാന്‍ കഴിവുള്ള താരമാണ് അഭിഷേക്. റിതുരാജ് ഗെയ്ക് വാദും അഭിഷേകും ഓപ്പണര്‍മാരാകുമ്പോള്‍ ശുബ്മാന്‍ ഗില്ലിന് ഡൗണ്‍ ആയി ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നും സാബ കരീം പറയുന്നു.

സഞ്ജു സാംസണും യശ്വസി ജയ്സ്വാളും ടീമിന്റെ ഭാഗമാണെങ്കിലും എപ്പോള്‍ ടീമിലേക്ക് എത്തിച്ചേരുമെന്ന് പറയാറായിട്ടില്ല. ഇവര്‍ തിരിച്ചുവരുമ്പോള്‍ ജയ്സ്വാള്‍ ഓപ്പണിംഗിലും സഞ്ജു മൂന്നാം നമ്പറിലും കളിക്കണമെന്നാണ് സാബ കരീം പറയുന്നത്.

ടി20 ലോകകപ്പ് കഴിഞ്ഞ് ഇന്നലെയാണ് ഇന്ത്യന്‍ ടീം നാട്ടില്‍ തിരിച്ചെത്തിയത്. സഞ്ജുവും ജയ്സ്വാളും ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത ദിവസം തന്നെ ഇവര്‍ സിംബാബ് വെയിലേക്ക് പോകും.

മൂന്നാം മത്സരത്തില്‍ സഞ്ജുവും ജയ്‌സ്വാളും ടീമിനൊപ്പം ചേരുമെന്നാണ് സൂചന. സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവര്‍ക്ക് ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. അവസാന ഐപിഎല്ലില്‍ തിളങ്ങിയ റിയാന്‍ പരാഗിനും ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്നെല്ലാം വമ്പന്‍ പ്രകടനം ഇന്ത്യ പ്രതീക്ഷിക്കുന്നു.

സിംബാബ് വെയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തിയാല്‍ വരാന്‍ പോകുന്ന ശ്രീലങ്കന്‍ പരമ്പരയിലും ടീമില്‍ ഇടം നേടാനുള്ള അവസരമാണ് താരങ്ങളെ കാത്തിരിക്കുന്നത്. രോഹിതും കോഹ് ലിയും വിരമിച്ച സാഹചര്യം യുവതാരങ്ങളെ സംബന്ധിച്ച് സുവര്‍ണാവസരമാണ്.

മൂന്ന് മത്സരം വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ശ്രീലങ്കയുമായുള്ളത്. സഞ്ജു സാംസണിനും യശ്വസി ജയ്സ്വാളിനും സിംബാബ്‌വെന്‍ പരമ്പര കൂടുതല്‍ നിര്‍ണായകമാവുന്നതും ഇക്കാരണത്താലാണ്.

ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരുടേയും ഇഷാന്‍ കിഷന്റേയും അഭാവം സാബ കരീം ചോദ്യം ചെയ്തു. ഇരുവരേയും ബിസിസിഐ കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു.

എന്നാല്‍ പ്രതിഭാശാലികളായ താരങ്ങളെന്ന നിലയില്‍ ഇവര്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. സിംബാബ്വെക്കെതിരേ എന്തുകൊണ്ടാണ് ഇവരെ പരിഗണിക്കാത്തതെന്നാണ് സാബ കരീം ചോദിക്കുന്നത്.

ഇരുവരും ശ്രീലങ്കന്‍ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിക്കന്ദര്‍ റാസ നയിക്കുന്ന സിംബാബ്‌വെന്‍ ടീമില്‍ ഇന്ത്യയ്ക്കു വെല്ലുവിളിയുയര്‍ത്താന്‍ പോന്ന ഒരു പിടി താരങ്ങളുണ്ടെന്നതാണ് അവരുടെ ശക്തി.

Related Articles

Back to top button