Cricket

അസം ഖാന്റെ പൊണ്ണത്തടിയെ പരിഹസിച്ചു !! പാക് നായകനെതിരേ വിമര്‍ശനം രൂക്ഷം; വീഡിയോ വൈറല്‍

ട്വന്റി20 ലോകകപ്പില്‍ ആദ്യ മത്സരത്തിനൊരുങ്ങുന്ന പാക്കിസ്ഥാന്‍ ടീമില്‍ വീണ്ടും പ്രതിസന്ധിയെന്ന് സൂചന.

സഹതാരം അസംഖാനെതിരേ ബോഡി ഷെയ്മിംഗ് നടത്തിയ പാക് നായകന്‍ ബാബര്‍ അസമാണ് ഇപ്പോള്‍ പുലിവാലു പിടിച്ചിരിക്കുന്നത്. ബാബറിനെതിരേ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

ടീമിന്റെ പരിശീലനത്തിനിടെ സഹതാരം അസം ഖാനെ ബാബര്‍ പരിഹസിച്ചെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

കഴിഞ്ഞ ദിവസം അസംഖാനെതിരെ പ്രതിഷേധവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അഞ്ച് പന്ത് മാത്രം നേരിട്ട താരം റണ്‍സൊന്നും എടുക്കാതെ പുറത്തായിരുന്നു.

വിക്കറ്റ് കീപ്പിംഗിനിടെ ചില അനായാസ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

പാക്കിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ മോയിന്‍ ഖാന്റെ മകനാണ് അസം ഖാന്‍. മോശം പ്രകടനം നടത്തുന്ന താരത്തെ മുന്‍ താരത്തിന്റെ മകനെന്ന പരിഗണനയിലാണ് ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ആരാധകര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇങ്ങനെയായാല്‍ ലോകകപ്പ് കളിക്കാന്‍ എന്തിനാണ് പോകുന്നതെന്നും അവര്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ടും അസംഖാന്റെ ശാരീരിക യോഗ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. കളിയോട് എന്തെങ്കിലും ആത്മാര്‍ഥയുണ്ടെങ്കില്‍ 10-15 കിലോ ഭാരം അസം ഖാന്‍ കുറയ്‌ക്കേണ്ടതുണ്ടെന്നായിരുന്നു ബട്ട് പറഞ്ഞത്.

അല്ലാതെ ലോകകപ്പ് കളിച്ചിട്ട്് കാര്യമില്ലെന്നും ബട്ട് വ്യക്തമാക്കിയിരുന്നു. സ്വജനപക്ഷപാതം സംബന്ധിച്ച് പതിവായി ആരോപണം ഉയരുന്ന താരമാണ് അസം ഖാന്‍. ദേശീയ ടീമില്‍ തുടര്‍ച്ചയായി മോശം പ്രകടനം നടത്തിയിട്ടും താരം ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നത് ഇതിന്റെ ബാക്കിപത്രമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ജൂണ്‍ ആറിന് അമേരിക്കയ്‌ക്കെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം. കാനഡയും യുഎസ്എയുമാണ് എ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Related Articles

Back to top button