Cricket

പാണ്ഡ്യയ്‌ക്കെതിരായ പ്രതിഷേധം ഒന്നു നിര്‍ത്തൂ!! ഗ്രൗണ്ടില്‍ വച്ച് ആരാധകരോട് അപേക്ഷിച്ച് രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റനായി ചുമതലയേറ്റ അന്നുമുതല്‍ മുംബൈ ഇന്ത്യന്‍സിലെ രോഹിത് ആരാധകരുടെ ആക്രമണത്തിന് പാത്രമായിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ.

തുടര്‍ച്ചയായി മൂന്നു മത്സരം തോറ്റതോടെ അത് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആറു വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ ഏറ്റുവാങ്ങിയത്.

മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യയെ കൂവുന്ന ആരാധകരെ നിയന്ത്രിക്കാന്‍ രോഹിത് ശര്‍മ ശ്രമിച്ച സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരായ പ്രതിഷേധം രൂക്ഷമായതോടെ നിര്‍ത്താന്‍ വേണ്ടി രോഹിത് ശര്‍മ കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു രോഹിത് ശര്‍മ ആരാധകരോടു ചാന്റുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ ഉയര്‍ന്നത്.

മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനം മോശമായതോടെ പാണ്ഡ്യയ്‌ക്കെതിരെ ആരാധകര്‍ ഗാലറിയില്‍നിന്നു കൂവുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലാണ്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാന്‍ മാത്രമാണു മുംബൈയ്ക്കു സാധിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നില്ല. എന്നാല്‍ 21 പന്തുകള്‍ നേരിട്ട പാണ്ഡ്യ 34 റണ്‍സെടുത്ത് മുംബൈയുടെ ടോപ് സ്‌കോററായി. 29 പന്തില്‍ 32 റണ്‍സെടുത്ത് തിലക് വര്‍മയും മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റു താരങ്ങളുടെ ദയനീയ പ്രകടനമാണ് മുംബൈയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്.

Related Articles

Back to top button