Cricket

അന്ന് പഴി പറഞ്ഞവരെല്ലാം ഇന്ന് വാഴ്ത്തുന്നു !! കപില്‍ ദേവിന്റെ യഥാര്‍ഥ പിന്‍ഗാമി

ട്വന്റി20 ലോകകപ്പ് വിജയത്തില്‍ ഇന്ത്യ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന പേരുകളിലൊന്നാണ് ഹാര്‍ദിക് പാണ്ഡ്യയുടേത്. ടൂര്‍ണമെന്റില്‍ ജസ്പ്രീത് ബുംറ പന്തു കൊണ്ടും രോഹിത് ശര്‍മ ബാറ്റു കൊണ്ടും ഇന്ത്യയെ നയിച്ചപ്പോള്‍ ഓള്‍റൗണ്ട് പ്രകടനവുമായി ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായത് പാണ്ഡ്യയാണ്.

ബൗളിംഗില്‍ അക്ഷര്‍ദീപിനും ബുംറയ്ക്കും പിന്നില്‍ 11 വിക്കറ്റുമായി പേസറുടെ റോളില്‍ നിര്‍ണായക പ്രകടനം കാഴ്ച വയ്ക്കാന്‍ പാണ്ഡ്യയ്ക്കു കഴിഞ്ഞു. ഫൈനലില്‍ ക്ലാസന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയതുള്‍പ്പെടെ പല മത്സരങ്ങളിലും നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യയുടെ രക്ഷകനായി ഹാര്‍ദിക് അവതരിച്ചു.

ആറിന്നിംഗ്‌സുകളില്‍ നിന്ന് 48 ശരാശരിയില്‍ 144 റണ്‍സ് നേടിയ ഹാര്‍ദിക്കിന് തന്നെയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മികച്ച ശരാശരിയും മികച്ച സ്‌ട്രൈക്ക് റേറ്റും. താരത്തിന്റെ പവര്‍ ഹിറ്റിംഗ് അവസാന ഓവറുകളില്‍ ഇന്ത്യയ്ക്ക് വലിയ മുതല്‍ക്കൂട്ടായി.

ഈ ലോകകപ്പില്‍ ഇത്ര സ്ഥിരതയോടെ കളിച്ച വേറൊരു ഇന്ത്യന്‍ ബാറ്ററുമില്ല. ടോപ് ഓര്‍ഡര്‍ തകര്‍ന്നാലും മധ്യനിരയില്‍ പാണ്ഡ്യയുള്ളത് ഇന്ത്യന്‍ ടീമിന് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് നല്‍കിയത്.

ഐപിഎല്ലിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ട താരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയായി ഇത്. ക്യാപ്റ്റനായും കളിക്കാരനായും മുംബൈ ഇന്ത്യന്‍സിനായി കാര്യമായൊന്നും ചെയ്യാനാവാതെ നിരാശനായ പാണ്ഡ്യയെ ആയിരിക്കില്ല ലോകകപ്പില്‍ കാണുകയെന്ന് പല മുന്‍ താരങ്ങളും പറഞ്ഞിരുന്നു.

എന്നാല്‍ പാണ്ഡ്യയുടെ വിമര്‍ശകര്‍ താരത്തെ ക്രൂശിച്ചു കൊണ്ടിരുന്നു. എന്നാല്‍ അവസാന ചിരി പാണ്ഡ്യയുടേതു തന്നെയായിരുന്നു. കപില്‍ ദേവിന്റെ പിന്‍ഗാമിയാകാന്‍ താന്‍ സര്‍വഥാ യോഗ്യനാണെന്ന് അയാള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ട്വന്റി20 ടീമിനെ നയിക്കാന്‍ ഇതിലും മികച്ച ഒരാള്‍ നിലവിലില്ലെന്ന് നിസംശയം പറയാം.

Related Articles

Back to top button