Cricket

ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉടനുണ്ടാവുമോ ? നിര്‍ണായക വെളിപ്പെടുത്തലുമായി വസിം അക്രം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായതോടെ ഇതിഹാസ താരം എംഎസ് ധോണിയുടെ വിരമിക്കലിനെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരേ ടീമിനെ പ്ലേഓഫിനടുത്തെത്തിച്ച ശേഷമായിരുന്നു ധോണിയുടെ പുറത്താകല്‍. എന്നാല്‍ അതോടെ കളി ചെന്നൈയുടെ കൈയ്യില്‍ നിന്ന് പോവുകയായിരുന്നു.

എംഎസ് ധോണിയുടെ അവസാന മത്സരം എന്ന രീതിയില്‍ പലരും ഈ മത്സരത്തെ കണ്ടതാണ്. എന്നാല്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചില്ല. ഇത് സംബന്ധിച്ചുള്ള തന്റെ അഭിപ്രായം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പാക് ബൗളിംഗ് ഇതിഹാസം വസിം അക്രം.

തന്റെ അവസാന ട്വന്റി20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് ധോണി നേരത്തെ സൂചന നല്‍കിയിരുന്നു. ഐപിഎല്‍ 2024 ന്റെ രണ്ടാം ക്വാളിഫയറും ഫൈനലും ചെന്നൈയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനാല്‍ ആര്‍സിബിയ്‌ക്കെതിരായ മത്സരം വിജയിച്ച് ചെന്നൈ പ്ലേ ഓഫിലെത്തുമെന്നും തുടര്‍ന്ന് ചെന്നൈയില്‍ ഇറങ്ങുമെന്നും ഏവരും പ്രതീക്ഷിച്ചു.

എന്നാല്‍ ആര്‍സിബിയ്‌ക്കെതിരായ മത്സരം ചെന്നൈ തോറ്റതോടെ ആ പ്രതീക്ഷകള്‍ അസ്ഥാനത്തായി. എന്നിരുന്നാലും, മുന്‍ സിഎസ്‌കെ ക്യാപ്റ്റന്‍ സീസണിന് ശേഷം വിരമിക്കുമെന്നാണ് വസിം അക്രം പറയുന്നത്.

”എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. അവന്‍ ഉടന്‍ തന്നെ പാഡഴിക്കും. അവനെപ്പോലുള്ള കളിക്കാര്‍ എപ്പോഴും വരില്ല.

110 മീറ്റര്‍ സിക്‌സിലൊതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ പാരമ്പര്യം, അത് മറ്റൊന്നാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

അദ്ദേഹം ശാന്തനായിരുന്നു, ക്യാപ്റ്റന്‍സി വേറെ ലെവലാക്കി. അവന്‍ ഒരു ഫിനിഷറായി മാറിയ രീതി, കളിക്കാരെ വളര്‍ത്തിയ രീതി, അവന്റെ സ്ഥിരത, അദ്ദേഹം വേറെ ലെവല്‍ താരമാണ്.” അക്രം പറയുന്നു.

ആര്‍സിബിയ്‌ക്കെതിരേ നടന്ന മത്സരത്തിന്റെ അവസാന ഓവറില്‍ ടീമിന് പ്ലേ ഓഫ് യോഗ്യത നേടാന്‍ വേണ്ടത് 17 റണ്‍സ് ആയിരുന്നു. ആദ്യ പന്തില്‍ യാഷ് ദയാലിനെ സ്റ്റേഡിയത്തിനു വെളിയിലേക്ക് പായിച്ച ധോണി അടിച്ച പന്ത് ചെന്നു വീണത് 110 മീറ്റര്‍ അകലെയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത പന്തില്‍ ധോണി ഔട്ടായതോടെ ചെന്നൈ കളി കൈവിടുകയായിരുന്നു.

Related Articles

Back to top button