Cricket

കരഞ്ഞു കൊണ്ട് മൈതാനം വിട്ട രാജാവിന് ഇനിയൊരു മടങ്ങി വരവുണ്ടായേക്കില്ല !! വിരാട് കോഹ്‌ലി ഐപിഎല്ലില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന

ഇന്നലെ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോടു പരാജയപ്പെട്ട് ഐപിഎല്ലില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്‌സ് പുറത്താവുമ്പോള്‍ ആരാധകര്‍ പരസ്പരം ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്. ഇനിയൊരു ഐപിഎല്ലില്‍ കൂടി സൂപ്പര്‍താരം വിരാട് കോഹ് ലി ആര്‍സിബിയുടെ ചുവന്ന കുപ്പായം അണിയുമോ എന്നതാണത്.

”പ്രായമാകുന്നു, എല്ലാ കാലവും എനിക്ക് പഴയത് പോലെ കളിക്കാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ ഒരു നാള്‍ ഞാന്‍ ഏറെ സ്‌നേഹിച്ച ഈ കളിയോട് എനിക്ക് വിടപറയേണ്ടതായി വരും. പിന്നെയുള്ള കുറെ നാളുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ എത്തില്ല” കോഹ് ലി അടുത്തിടെ ഒരു വീഡിയോയില്‍ പറഞ്ഞതാണിത്.

ഈ വീഡിയോ പുറത്തിറങ്ങിയതോടെ ആര്‍സിബി ആരാധകര്‍ക്ക് ഒരു കാര്യം മനസ്സിലായി. ബാറ്റുകൊണ്ടുള്ള ആ ഇന്ദ്രജാലം ഇനി അധികകാലം ഉണ്ടായേക്കില്ലെന്ന സത്യം.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഉടന്‍ വിരമിക്കുമെന്നല്ല കോഹ് ലി പറഞ്ഞതിന്റെ അര്‍ഥമെങ്കിലും ചുരുങ്ങിയത് ഐപിഎല്‍ എങ്കിലും കോഹ് ലി ഒഴിവാക്കിയേക്കുമെന്നാണ് കരുതിയിരിക്കുന്നത്.

കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന കോഹ് ലി രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവായിരുന്നു.

കരിയറില്‍ ഇനിയൊന്നും നേടാനില്ലാത്ത അദ്ദേഹം ഈ ട്വന്റി20 ലോകകപ്പോടെ ട്വന്റി20യില്‍ നിന്നും വിരമിക്കുമെന്നു കരുതുന്നവരും കുറവല്ല.

ഏറ്റവും മികച്ച ഫോമില്‍ കളിച്ച് ഓറഞ്ച് ക്യാപ് റേസില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ പോലും ആ തീരുമാനത്തില്‍ മാറ്റമുണ്ടാവാനിടയില്ല.

സ്വരം നന്നായി നില്‍ക്കുമ്പോള്‍ പാട്ട് നിര്‍ത്തുക എന്ന തത്വത്തില്‍ വിശ്വസിച്ചുകൊണ്ട് അയാള്‍ കളംവിടാനുള്ള സാധ്യതയാണുള്ളത്. ഇനി ഒരു അങ്കത്തില്‍ ചിലപ്പോള്‍ ധോണിയുമായി കളത്തില്‍ വന്നേക്കില്ല എന്ന ഉറപ്പില്‍ ലാസ്റ്റ് ഡാന്‍സ് എന്ന വിശേഷണമാണ് കോഹ്ലി തന്നെ നല്‍കിയത്.

ധോണിയെ പോലെ തന്നെ ചിലപ്പോള്‍ താനും ഈ സീസണോടെ പാഡഴിക്കും എന്ന സൂചനയും താരം നല്‍കുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ കുറഞ്ഞത് ഒരു നാലു വര്‍ഷമെങ്കിലും കളിക്കാനുള്ള ഫിറ്റ്‌നസ് ഉള്ള താരം യുവതാരങ്ങള്‍ക്കായി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ നിന്ന് വഴിമാറിക്കൊടുക്കാനാണ് ആലോചിക്കുന്നത്.

ഐപിഎല്ലിലേക്ക് വന്നാല്‍ ആദ്യ സീസണ്‍ മുതല്‍ കളിച്ചിട്ടും ഒരു കിരീടം പോലും നേടാന്‍ സാധിക്കാത്ത ആര്‍സിബി എന്ന ടീമിന്റെ എല്ലാമെല്ലാമാണ് അയാള്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം, ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമന്‍, ഒരേ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, ലീഗ് ചരിത്രത്തിലെ ടോപ് സ്‌കോറര്‍ തുടങ്ങി നേടാന്‍ സാധിക്കുന്ന പല നേട്ടങ്ങളും സ്വന്തമാക്കിയിട്ടും അയാള്‍ക്ക് ടീമിന് ഏറ്റവും ആവശ്യം ഉള്ള കിരീടം മാത്രം കൊടുക്കാനായില്ല.

മികവുറ്റ ബാറ്റര്‍മാരുണ്ടായിട്ടും പലപ്പോഴും ആര്‍സിബിയെ ചതിച്ചത് ബൗളര്‍മാരാണ്. എന്നിരുന്നാലും തനിക്ക് ചെയ്യാവുന്നതെല്ലാം ടീമിനായി കോഹ് ലി ചെയ്തു.

ടീം ഒരു കപ്പ് പോലും നേടിയില്ലെങ്കിലും ഈ ടീമിനൊപ്പം എല്ലാക്കാലവും ഉറച്ചു നിന്ന കോഹ് ലിയുടെ ആത്മാര്‍ഥത ഇക്കാലത്തെ ക്രിക്കറ്റര്‍മാര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയാത്തതാണ്.

മുഖ്യ എതിരാളികളായ ചെന്നെയ്ക്കും മുംബൈയ്ക്കും വേണ്ടി യഥാക്രമം ധോണിയും രോഹിത് ശര്‍മയും അഞ്ചു കിരീടം വീതം നേടിയപ്പോള്‍ ഒരു കിരീടം പോലുമില്ലെങ്കിലും ആരാധകര്‍ ആര്‍സിബിയ്ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കാന്‍ ഒരേയൊരു കാരണമേ ഉണ്ടായിരുന്നുള്ളൂ, അതാണ് കോഹ് ലി.

ഇത്തവണത്തെ സീസണില്‍ പുറത്താകലിന്റെ വക്കിലെത്തി, എല്ലാവരും എഴുതിത്തള്ളിയിട്ടും ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായി. ഒടുവില്‍ എലിമിനേറ്ററില്‍ രാജസ്ഥാനോടു പരാജയപ്പെട്ടു മടങ്ങുമ്പോള്‍ യുദ്ധം തോറ്റ് രാജ്യവും പ്രജകളും നഷ്ടമായ രാജാവിനേപ്പോലെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഇനിയൊരു ഐപിഎല്ലില്‍ ചുവന്ന കുപ്പായത്തില്‍ കോഹ് ലിയെ കാണാനാവുമോയെന്നാണ് ഇപ്പോള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ ആശങ്ക.

Related Articles

Back to top button