Cricket

അവന്മാരെയൊക്കെ പുറത്താക്കിയിട്ട് ആ താരത്തെ ടീമിലെടുക്കേണ്ടതായിരുന്നു!! തുറന്നടിച്ച് ഹര്‍ഭജന്‍ സിംഗ്

ട്വന്റി20 ലോകകപ്പിനായുള്ള സ്‌ക്വാഡില്‍ മാറ്റം വരുത്താനുള്ള അവസാന ദിനമായിരുന്നു മെയ് 25. ഇനി ടീമില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ ഐസിസിയുടെ ടെക്‌നിക്കല്‍ ടീമിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

ഈ ഐപിഎല്‍ സീസണിലുടനീളം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് യുവ ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മ.

രാജസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും. സഞ്ജു സാംസണെയും ഷിമ്രോണ്‍ ഹെറ്റ്മയറിനെയും പുറത്താക്കിയ അദ്ദേഹം നാല് ഓവറില്‍ 24 റണ്‍സ് മാത്രം നല്‍കി ഉജ്ജ്വല പ്രകടനമാണ് നടത്തിയത്.

ഈ അവസരത്തില്‍ ഹര്‍ഭജന്‍ സിംഗ് കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രതികരണമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അഭിഷേകും ഇടംപിടിക്കണമായിരുന്നെന്നാണ് ഹര്‍ഭജന്‍ ആഗ്രഹിച്ചത്.

എന്നാല്‍ ബിസിസിഐ അവസാന നിമിഷവും ടീമില്‍ മാറ്റങ്ങള്‍ വരുത്താഞ്ഞതിനാല്‍ അഭിഷേകിന്റെ മോഹങ്ങള്‍ അവസാനിക്കുകയായിരുന്നു.

”അഭിഷേക് ശര്‍മ്മ വെസ്റ്റ് ഇന്‍ഡീസിലേക്കും യുഎസിലേക്കും പോകേണ്ടതായിരുന്നു. ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ അദ്ദേഹം അര്‍ഹനാണ്. നാല് സ്പിന്നര്‍മാരാണ് ഇന്ത്യയുടെ ടീമിലുള്ളത്, മാറ്റങ്ങള്‍ വരുത്താന്‍ ഒരു ദിവസം കൂടി ബാക്കിയുണ്ട്.

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും സംഭാവന ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തെ പോലെയുള്ള കളിക്കാരെ ടീമിന് ആവശ്യമുണ്ട്,” ഹര്‍ഭജന്‍ സിംഗ് കഴിഞ്ഞ ദിവസം സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ഈ ഐപിഎല്‍ സീസണില്‍ 207.75 സ്‌ട്രൈക്ക് റേറ്റില്‍ 482 റണ്‍സാണ് ഇടങ്കയ്യന്‍ ഓള്‍റൗണ്ടര്‍ അടിച്ചു കൂട്ടിയത്. സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ പറത്തിയ താരവും അഭിഷേക് ശര്‍മയാണ്.42 സിക്‌സറുകളാണ് അഭിഷേകിന്റെ ബാറ്റില്‍ നിന്നും പറന്നത്.

ടൂര്‍ണമെന്റില്‍ 400ല്‍ അധികം റണ്‍സ് നേടിയവരില്‍ ഇത്രയധികം സ്‌ട്രൈക്ക് റേറ്റുള്ള മറ്റൊരു താരവുമില്ല. എന്തായാലും അടുത്ത യുവരാജ് സിംഗിനെയാണ് വലിയൊരു വിഭാഗം ആരാധകരും അഭിഷേക് ശര്‍മയില്‍ കാണുന്നത്.

Related Articles

Back to top button