Cricket

ഷമിയ്ക്ക് പകരക്കാരനായി മലയാളി താരത്തെ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റന്‍സ്! ഇത് പൊളിക്കുമെന്ന് ആരാധകര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനേഴാം സീസണ് മാര്‍ച്ച് 22ന് തുടക്കമാവുകയാണ്. സ്ഥിരതയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്ന് ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സാണ്.

അരങ്ങേറിയ സീസണില്‍ തന്നെ കപ്പുയര്‍ത്തിയ അവര്‍ കഴിഞ്ഞ കവണ ഫൈനലിലുമെത്തി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയതൊന്നും ബാധിക്കാത്ത അത്ര ശക്തമായ ലൈനപ്പാണ് അവരുടേത്.

എന്നിരുന്നാലും, ടൂര്‍ണമെന്റില്‍, ടൈറ്റന്‍സ് അവരുടെ പ്രധാന താരം മുഹമ്മദ് ഷമി ഇല്ലാതെയാണ് ഇറങ്ങുന്നത്. തീപ്പൊരി പേസറുടെ അഭാവം ടീമിന് ചെറുതല്ലാത്ത ക്ഷീണം സമ്മാനിക്കുമെന്ന് തീര്‍ച്ചയാണ്.

പക്ഷേ സീസണിന് മുമ്പ് ഷമിക്ക് പകരക്കാരനായി മലയാളി പേസര്‍ സന്ദീപ് വാര്യരെ ഗുജറാത്ത് ടീമിലെത്തിച്ചാണ് ഗുജറാത്ത് ഈ പ്രതിസന്ധി പരിഹരിച്ചത്. വാരിയര്‍ തന്റെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ഗുജറാത്തിലേക്ക് എത്തിയിരിക്കുന്നത്.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ടീമിലും ഒരു മാറ്റമുണ്ടായി. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ പരിക്കേറ്റ ശ്രീലങ്കന്‍ താരം ദില്‍ഷന്‍ മധുശങ്കയെ ഒഴിവാക്കി അണ്ടര്‍19 ലോകകപ്പ് ഹീറോ ദക്ഷിണാഫ്രിക്കയുടെ ക്വേന മഫാക്കയെയാണ് അവര്‍ ടീമിലെത്തിച്ചിരിക്കുന്നത്.

ഇടങ്കയ്യന്‍ പേസറായ മഫാക്ക കഴിഞ്ഞ അണ്ടര്‍19 ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ്. മാര്‍ച്ച് 24 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ആദ്യ മത്സരം.

കഴിഞ്ഞ സീസണില്‍ ഫൈനലിലെത്താന്‍ ഗുജറാത്തിന് കഴിഞ്ഞെങ്കിലും എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ഫൈനലില്‍ അവസാന പന്തില്‍ പരാജയം ഏറ്റുവാങ്ങാനായിരുന്നു അവരുടെ വിധി.

Related Articles

Back to top button