Cricket

ഡബിള്‍ സെഞ്ചുറി ‘തലനാരിഴയ്ക്ക്’ കൈവിട്ട് സിംബാബ്‌വെ സൂപ്പര്‍സ്റ്റാര്‍; പാക്കിസ്ഥാന് നാണക്കേടായി റണ്‍മല തോല്‍വി!!

ഐസിസി ലോകകപ്പ് യോഗ്യത റൗണ്ട് കളിക്കാനുള് ഒരുക്കങ്ങളിലാണ് സിംബാബ്‌വെ. ജൂണ്‍ 18 മുതല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന യോഗ്യത റൗണ്ടിന് മുമ്പ് പാക്കിസ്ഥാന്‍ എ ടീമിനെതിരേ ഏകദിന പരമ്പര സ്വന്തമാക്കി സിംബാബ്‌വെ കരുത്തുകാട്ടുകയും ചെയ്തു.

4-2നാണ് സിംബാബ്‌വെ സെലക്ട്‌സ് ഇലവന്‍ പാക്ക് എ ടീമായ ഷാഹീന്‍സിനെ തറപറ്റിച്ചത്. അവസാന മല്‍സരത്തില്‍ ആഫ്രിക്കക്കാര്‍ 400 റണ്‍സിന് അടുത്ത് അടിച്ചെടുത്ത് പാക്കിസ്ഥാനെ ഞെട്ടിക്കുകയും ചെയ്തു.

ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ സെലക്ട് ടീം 50 ഓവറില്‍ 385 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പാക്കിസ്ഥാന്‍ മറുപടി 353 റണ്‍സില്‍ അവസാനിച്ചു. പരിചയസമ്പന്നനായ ബാറ്റര്‍ ക്രെയ്ഗ് ഇര്‍വിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് മല്‍സരത്തിന്റെ പ്രത്യേകത.

വെറും 148 പന്തില്‍ നിന്നും 195 റണ്‍സാണ് ഈ ഇടംകൈയന്‍ അടിച്ചുകൂട്ടിയത്. അവസാന ഓവറിലെ നാലാം പന്തില്‍ റണ്ണൗട്ടായിരുന്നില്ലെങ്കില്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സിംബാബ്‌വെ ഡബിള്‍ സെഞ്ചുറിയെന്ന നേട്ടം ഇര്‍വിന് സ്വന്തമായേനെ.

22 ഫോറും 6 സിക്‌സറും അടങ്ങുന്നതാണ് ഇര്‍വിന്റെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ്. 79 പന്തില്‍ 92 റണ്‍സ് നേടിയ ഓപ്പണര്‍ ഇന്നസെന്റ് കയിയയുടെ പ്രകടനവും വലിയ സ്‌കോറിലെത്താന്‍ ആതിഥേയരെ സഹായിച്ചു.

എട്ടോളം അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമുമായിട്ടാണ് പാക്കിസ്ഥാന്‍ എ ടീം പരമ്പരയ്‌ക്കെത്തിയത്. അവരുടെ പ്രധാന പേസര്‍മാരില്‍ ഒരാളായ ഷഹ്നവാസ് ദഹാനി 10 ഓവറില്‍ വിട്ടുകൊടുത്തത് 105 റണ്‍സാണ്. മറ്റൊരു അന്താരാഷ്ട്ര താരം അമീര്‍ ജമാല്‍ 10 ഓവറില്‍ 89 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

77 പന്തില്‍ 8 സിക്‌സറുകളും 6 ഫോറും ഉള്‍പ്പെടെ 115 റണ്‍സെടുത്ത് മുബഷീര്‍ ഖാന്‍ പൊരുതിയെങ്കിലും പാക്കിസ്ഥാന് ആതിഥേയരെ മറികടക്കാന്‍ സാധിച്ചില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി കളിച്ച സിക്കന്തര്‍ റാസ ഉള്‍പ്പെടെ സിംബാബ്‌വെയ്ക്കായി കളിച്ചിരുന്നു.

ഡേവ് ഹൂട്ടണ്‍ മുഖ്യ പരിശീലകനായി തിരിച്ചെത്തിയതോടെ സിംബാബ്‌വെ അടുത്ത കാലത്തായി മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. ഓസ്‌ട്രേലിയയില്‍ പോയി അവരെ ഏകദിനത്തില്‍ തോല്‍പ്പിച്ച ടീം ട്വന്റി-20 ലോകകപ്പിലും ഗംഭീര പ്രകടനങ്ങള്‍ നടത്തിയിരുന്നു.

പല മുന്‍കാല താരങ്ങളും ക്രിക്കറ്റ് ബോര്‍ഡില്‍ സുപ്രധാന സ്ഥാനങ്ങളിലേക്ക് എത്തിയതോടെ സാമ്പത്തികമായും ബോര്‍ഡ് മെച്ചപ്പെട്ടിട്ടുണ്ട്. അവരുടെ പ്രധാന ഗ്രൗണ്ടുകളില്‍ ഒന്നായ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് മൈതാനത്ത് ഫ്‌ളഡ്‌ലിറ്റ് സ്ഥാപിക്കുന്ന ജോലികള്‍ അന്തിമ ഘട്ടത്തിലാണ്.

ജുണ്‍ പതിനെട്ടിന് ആരംഭിക്കുന്ന ഐസിസി ലോകകപ്പ് യോഗ്യത റൗണ്ടില്‍ സിംബാബ്‌വെ, വിന്‍ഡീസ്, ശ്രീലങ്ക, അയര്‍ലന്‍ഡ് ഉള്‍പ്പെടെ 10 ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. ഫൈനലിലെത്തുന്ന രണ്ട് ടീമുകള്‍ക്കാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ലഭിക്കുക.

Related Articles

Back to top button