Cricket

ഫെഡറര്‍ ബാറ്റിംഗ് പങ്കാളിയായി വരണമെന്ന് ആഗ്രഹിച്ചിരുന്നു !! ഇതിനു പിന്നിലുള്ള കാരണമായി സച്ചിന്‍ പറയുന്നതിങ്ങനെ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ എപ്പോഴും ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോഴിതാ റോജര്‍ ഫെഡററെ ക്രിക്കറ്റില്‍ തന്റെ ബാറ്റിങ് പങ്കാളിയായി ലഭിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിനിടെ ഇതിഹാസങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രിക്കറ്റുമായി ഫെഡററുടെ ബന്ധത്തെ കുറിച്ച് സച്ചിന്‍ തുറന്നുപറഞ്ഞത്.

വിബിള്‍ഡണിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രതികരണം.


‘ക്രിക്കറ്റില്‍ ബാറ്റിംഗ് പങ്കാളിയായി വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരേയൊരു ടെന്നീസ് താരമാണ് റോജര്‍ ഫെഡറര്‍. അതിനൊരു കാരണവുമുണ്ട്. ഫെഡറര്‍ക്ക് ക്രിക്കറ്റുമായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അമ്മ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. അദ്ദേഹം ക്രിക്കറ്റ് പിന്തുടരുന്നുമുണ്ട്. ഞങ്ങള്‍ നേരില്‍ കാണുമ്പോഴെല്ലാം ക്രിക്കറ്റിനെ കുറിച്ചും ഒരുപാട് സംസാരിക്കാറുമുണ്ട്.’, സച്ചിന്‍ പറഞ്ഞു.


അതേസമയം രണ്ട് ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം താന്‍ ടെന്നീസ് കളിച്ചിട്ടുണ്ടെന്നും സച്ചിന്‍ തുറന്നുപറഞ്ഞു.

ലണ്ടനില്‍ വെച്ച് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിനും ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനുമൊപ്പമാണ് താന്‍ ടെന്നീസ് കളിച്ചതെന്നും സച്ചിന്‍ പറയുന്നു.

‘നിര്‍ഭാഗ്യവശാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ ഷെയ്ന്‍ വോണിനെ നമുക്ക് നഷ്ടമായി. അദ്ദേഹത്തോടൊപ്പം ലണ്ടനില്‍ വെച്ച് ടെന്നീസ് കളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. ഓസീസ് ഇതിഹാസത്തോടൊപ്പം ടെന്നിസ് കളിച്ചത് ഞാന്‍ ഒരുപാട് ആസ്വദിച്ചിരുന്നു. യുവരാജ് സിംഗിനൊപ്പവും ഞാന്‍ ടെന്നിസ് കളിച്ചിട്ടുണ്ട്’, സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

2015ലെ ഏകദിന ലോകകപ്പില്‍ റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ ടീമിനെ പിന്തുണച്ചത് അന്ന് വാര്‍ത്തയായിരുന്നു.

Related Articles

Back to top button