Cricket

കൊല്‍ക്കത്തയുടെ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഗംഭീറിന് നല്‍കുന്നത് അംഗീകരിക്കാനാവില്ല !! തുറന്നടിച്ച് മുന്‍താരം

ഐപിഎല്‍ 2024ല്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാറിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിന് തകര്‍ത്തായിരുന്നു കെകെആറിന്റെ ഫൈനല്‍ പ്രവേശം.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ച് 19.3 ഓവറില്‍ 150 റണ്‍സിന് പുറത്താവുകയായിരുന്നു. കൊല്‍ക്കത്ത 13.4 ഓവറില്‍ രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ടീമിന്റെ മെന്ററായി ഗൗതം ഗംഭീറിനെ ഷാരൂഖ് ഖാന്‍ തിരികെയെത്തിച്ചതിനു ശേഷം ടീം വളരെ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അതിനാല്‍ തന്നെ മത്സരങ്ങള്‍ വിജയിക്കുന്നതിന്റെ ക്രെഡിറ്റ് പലരും ഗംഭീറിന് നല്‍കുന്നുമുണ്ട്.

ഇപ്പോഴിതാ കൊല്‍ക്കത്ത ഫൈനലില്‍ എത്തിയതിന്റെ എല്ലാ ക്രെഡിറ്റും ഗംഭീറിന് അല്ലെന്നും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശനത്തില്‍ പ്രശംസ അര്‍ഹിക്കുന്നുണ്ടെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

‘ശ്രേയസ് അയ്യര്‍ക്ക് വേണ്ടത്ര ക്രെഡിറ്റ് ലഭിച്ചിട്ടില്ല. ഗംഭീര്‍ മാത്രമല്ല കൊല്‍ക്കത്തയുടെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചത് ശ്രേയസ്സും വലിയ പങ്ക് ടീമിനായി വഹിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ അയ്യര്‍ മികച്ച പ്രകടനം കാഴ്ചവച്ചതായാണ് എനിക്ക് തോന്നുന്നത്. കളത്തില്‍ ശ്രേയസിന്റെ തീരുമാനങ്ങള്‍ വളരെ അനുകൂലമായി മാറി സീസണില്‍ അവന്‍ അസാമാന്യ പ്രകടനമാണ് നടത്തുന്നത്,’ മുഹമ്മദ് കൈഫ് സ്റ്റാര്‍ സ്പോര്‍ട്സിലൂടെ പറഞ്ഞു.

ഈ സീസണില്‍ കൊല്‍ക്കത്ത 14 മത്സരങ്ങളില്‍ ഒമ്പത് വിജയവും മൂന്നു തോല്‍വിയും അടക്കം 20 പോയിന്റോടെയാണ് പ്ലേ ഓഫില്‍ കടന്നത്.

അതേസമയം ഹൈദരാബാദിനെതിരേ മികച്ച പ്രകടനമായിരുന്നു ശ്രേയസ് അയ്യരുടേത്. 24 പന്തില്‍ പുറത്താവാതെ 58 റണ്‍സ് നേടിക്കൊണ്ടായിരുന്നു അയ്യര്‍ ടീമിനെ ഫൈനലിലേക്ക് നയിച്ചത്. അഞ്ച് ഫോറുകളും നാല് സിക്സും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിംഗ്‌സ്.

28 പന്തില്‍ പുറത്താവാതെ 51 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. മൂന്നു വിക്കറ്റുമായി സണ്‍റൈസേഴ്‌സ് ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്കാണ് മാന്‍ ഓഫ് ദി മാച്ച്.

Related Articles

Back to top button