Cricket

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ വിലക്ക് നീക്കി!! സസ്‌പെന്‍ഷന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനുണ്ടാക്കിയത് വലിയൊരു നഷ്ടം

ശ്രീലങ്കന്‍ കിക്കറ്റിന് ടീമിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഐസിസി ശ്രീലങ്കന്‍ ടീമിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് തുടര്‍ന്ന് കായിക മന്ത്രാലയം ദേശീയ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കിയിരുന്നു. ഇതാണ് ഐസിസിയെ ചൊടിപ്പിച്ചത്.

എന്നാല്‍ ഇനി ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടാകില്ല എന്ന ഉറപ്പ് ലഭിച്ചതോടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി ഐസിസി ഞായറാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

വിലക്ക് ശ്രീലങ്കയ്ക്ക് കനത്ത നഷ്ടമാണ് സമ്മാനിച്ചത്. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നു കൊണ്ടിരിക്കുന്ന അണ്ടര്‍19 ലോകകപ്പ് ആദ്യം തീരുമാനിച്ചത് ശ്രീലങ്കയിലാണ്.

എന്നാല്‍ ശ്രീലങ്കന്‍ ബോര്‍ഡിന് വിലക്ക് വന്നതോടെ ലോകകപ്പിന്റെ ആതിഥേയ അവകാശം ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കുകയായിരുന്നു.

വിലക്കിലായിരുന്നു എങ്കിലും മറ്റു രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്ന മത്സരങ്ങള്‍ ശ്രീലങ്ക കളിക്കുന്നുണ്ടായിരുന്നു. ഇനി ഐസിസി ഇവന്റുകളിലും ശ്രീലങ്കയ്ക്ക് പങ്കെടുക്കാന്‍ ആവും.

Related Articles

Back to top button