Cricket

ഇങ്ങനെയൊക്കെ തുഴയാമോ !! വിരാട് കോഹ്‌ലിയുടെ ‘സെന്‍സിബിള്‍’ ഇന്നിംഗ്‌സിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആര്‍സിബി ഉജ്ജ്വല വിജയം സ്വന്തമാക്കിയിട്ടും സൂപ്പര്‍താരം വിരാട് കോഹ് ലി വലിയ തോതിലുള്ള വിമര്‍ശനമാണ് നേരിടുന്നത്.

പവര്‍പ്ലേയില്‍ മികച്ച തുടക്കം ലഭിച്ചിട്ടും പവര്‍പ്ലേക്ക് ശേഷം ഒറ്റ ബൗണ്ടറി പോലും നേടാന്‍ കഴിയാതിരുന്ന കോഹ് ലി 41 പന്തിലാണ് അര്‍ധ സെഞ്ചുറി തികച്ചത്.

ഇതോടെയാണ് ട്രോളന്മാര്‍ വീണ്ടും കോഹ്‌ലിയ്ക്കു നേരെ തിരിഞ്ഞത്. പവര്‍പ്ലേയില്‍ ആദ്യ 16 പന്തില്‍ 200 സ്‌ട്രൈക്ക് റേറ്റില്‍ 32 റണ്‍സെടുത്ത വിരാട് കോലി പിന്നീട് നേരിട്ട 27 പന്തില്‍ നേടിയത് 19 റണ്‍സ് മാത്രമാണ്.

ഇതില്‍ ഒറ്റ ബൗണ്ടറി പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം. നിലവില്‍ ഓറഞ്ച് ക്യാപ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന കോഹ്ലി അവാര്‍ഡിനായി മാത്രം കളിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം.

ഹൈദരാബാദിലെ ബാറ്റിംഗ് ട്രാക്കില്‍ കോഹ് ലിയെപ്പോലുള്ള ഒരു ലോകോത്തര താരത്തിന്റെ സട്രൈക്ക് റേറ്റ് 118.60 മാത്രമാവുമ്പോള്‍ വിമര്‍ശനം ഉയരുക സ്വഭാവികം.

രജത് പട്ടീദാറും കാമറൂണ്‍ ഗ്രീനുമടക്കമുള്ളവര്‍ തകര്‍ത്തടിച്ചു കളിച്ചപ്പോഴായിരുന്നു കോഹ് ലിയുടെ ഈ തുഴച്ചില്‍. ടീം മികച്ച അവസ്ഥയില്‍ നില്‍ക്കുമ്പോഴുള്ള ഈ മെല്ലെപ്പോക്കിനെ ഒരു രീതിയിലും ന്യായീകരിക്കാനാവില്ലെന്നാണ് കടുത്ത കോഹ് ലി ആരാധകര്‍ പോലും പറയുന്നത്.

ഇതോടെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ കോഹ് ലിയെ ഉള്‍പ്പെടുത്തണമോയെന്ന ചോദ്യം വീണ്ടുമുയരുകയാണ്. ഇപ്പോള്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനാണ് കോഹ് ലിയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മോശം എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ലെങ്കിലും ഈ സീസണിലെ തന്റെ എല്ലാ ഇന്നിംഗ്‌സിന്റെയും പട്ടികയില്‍ കോഹ്ലി ഏറ്റവും മോശം റേറ്റ് നല്‍കുക ഇന്നലത്തെ പ്രകടനത്തിനായിരിക്കുമെന്ന് ഇര്‍ഫാന്‍ പറഞ്ഞു.

”ഒരു സംശയവുമില്ലാതെ പറയാം കോഹ്ലി പതുക്കെയാണ് കളിച്ചത്. ടി20 ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് അങ്ങനെ ബാറ്റ് ചെയ്യാന്‍ കഴിയില്ല. പവര്‍പ്ലേ ഓവറിനുശേഷം അവന്‍ സ്വയം അസന്തുഷ്ടനാകുമെന്ന് ഞാന്‍ കരുതുന്നു.

നിങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചാല്‍, ഈ സീസണില്‍ അദ്ദേഹം കളിച്ച എല്ലാ ഇന്നിംഗ്സുകളുടെയും പട്ടികയില്‍ ഇന്നലത്തെ തന്റെ ഫിഫ്റ്റിക്ക് അവസാന റേറ്റിംഗ് നല്‍കും.”

”പവര്‍പ്ലേ ഓവറുകള്‍ക്ക് ശേഷം പൂര്‍ണ്ണമായും ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ ആയാല്‍ കോഹ്ലിക്ക് നല്ല പ്രകടനങ്ങള്‍ നടത്താനാകും” ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗളൂരു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് എടുത്തത്. 207 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.

സീസണില്‍ ആര്‍സിബിയുടെ രണ്ടാമത്തെ വിജയമായിരുന്നു ഇത്. നാലു പോയിന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ് അവര്‍.

Related Articles

Back to top button