Cricket

യുഗാന്ത്യം !! കോഹ്‌ലിയ്ക്കു പിന്നാലെ ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ; ഇനി ഇന്ത്യയെ നയിക്കുക യുവതാരം

ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം വിരാട് കോഹ് ലി രാജ്യാന്തര ട്വന്റി20യില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് ആരാധകരെയാകെ നിരാശരാക്കിയിരുന്നു. എന്നാല്‍ കോഹ് ലിയ്ക്കു പിന്നാലെ രോഹിത് ശര്‍മ കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ആരാധകര്‍ ആകെ ഹതാശരായി.

കിരീട വിജയത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്യാപ്റ്റനായി ലോകകപ്പ് ഉയര്‍ത്തി ശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു.

വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്ത്യന്‍ ടീമിനെ നയിക്കുക. ഈ ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയതില്‍ രോഹിതിന്റെ പങ്ക് നിസ്തുലമാണ്.

സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയും സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും കാഴ്ച വച്ച രണ്ട് അത്യുജ്ജല ഇന്നിംഗ്‌സുകളാണ് ഈ രണ്ടു കളികളും ജയിക്കാന്‍ ഇന്ത്യയുടെ നട്ടെല്ലായത്.

എട്ട് മത്സരങ്ങളില്‍ 257 റണ്‍സുമായി ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 36.71 ശരാശരിയിലാണ് രോഹിതിന്റെ നേട്ടം.

ഫൈനലില്‍ അല്‍പം പിഴച്ചെങ്കിലും ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച നായകനായിരുന്നു രോഹിത്. ഇതുവരെയുള്ള എല്ലാ ട്വന്റി20 ലോകകപ്പുകളിലും രോഹിത് ഉണ്ടായിരുന്നു.

2007ലെ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലൂടെയായിരുന്നു രോഹിതിന്റെ ട്വന്റി20 അരങ്ങേറ്റം. 159 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്.

159 മത്സരങ്ങളില്‍ (151 ഇന്നിംഗ്സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്ട്രൈക്ക് റേറ്റും രോഹിതിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം പങ്കിടുന്നുണ്ട് രോഹിത്. ഇരുവരും അഞ്ച് സെഞ്ചുറികള്‍ വീതം നേടി. 32 അര്‍ധ സെഞ്ചുറിയും രോഹിത് നേടി.

രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവുമധികം സിക്‌സര്‍ പറത്തുന്ന താരവും രോഹിത് ശര്‍മയാണ്. 205 സിക്‌സറുകളാണ് രോഹിത് നേടിയത്. രണ്ടാം സ്ഥാനത്തുള്ള കിവീസ് താരം മാര്‍ട്ടിന്‍ ഗപ്ടിലിനെക്കാളും 32 സിക്‌സര്‍ കൂടുതല്‍.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരശേഷം വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. 59 പന്തില്‍ 79 റണ്‍സ് നേടിയ കോഹ്‌ലിയാണ് ഇന്ത്യയുടെ ലോകകപ്പ് ഫൈനല്‍ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്.

ഫൈനലിലെ താരവും കോഹ്‌ലിയായിരുന്നു. 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോഹ്‌ലി 4188 റണ്‍സാണ് അടിച്ചെടുത്തത്. 48.69 ശരാശരിയും 137.04 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോഹ്‌ലി നേടി.

ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു മഹാരഥന്മാരാണ് ഒരേ സമയം പടിയിറങ്ങുന്നത്. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് തീരാനഷ്ടമാവുമെന്നുറപ്പാണ്. ഇരുവരുടെയും പ്രതിഭയ്ക്ക് ഒപ്പം നില്‍ക്കുന്ന താരങ്ങള്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലെന്നതാണ് ഏറെ ദുഖകരം.

Related Articles

Back to top button