Cricket

ഇന്ത്യ-ഡച്ച് പോരാട്ടത്തിന് മഴ വില്ലനാകുമോ? പുതിയ കാലാവസ്ഥ പ്രവചനം ഇങ്ങനെ!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ മഴ പലപ്പോഴും വില്ലനായെത്തുന്നത് കളിയുടെ രസത്തെ ബാധിക്കുന്നതിനൊപ്പം പല ടീമുകളുടെയും പ്രതീക്ഷ കൂടിയാണ് തല്ലി കെടുത്തുന്നത്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ന്യൂസിലന്‍ഡും മഴമൂലം തിരിച്ചടി നേരിടേണ്ടി വന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനും മഴയുടെ ഭീഷണിയുണ്ടായിരുന്നു. ഭാഗ്യത്തിന് മഴ പെയ്തില്ലെന്ന് മാത്രം.

വ്യാഴാഴ്ച്ച സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മല്‍സരത്തിനും മഴ വില്ലനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വരെയുള്ള കാലാവസ്ഥ പ്രവചനത്തില്‍ സിഡ്‌നിയില്‍ മഴ പെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് മഴമേഘം മൂടിയ ആകാശമായിരിക്കുമെങ്കിലും മഴ അകന്നു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിഡ്‌നിയിലെ സമയം വൈകിട്ട് ആറിനാണ് മല്‍സരം. മല്‍സരത്തിന് മുമ്പ് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ കളിക്കു മുമ്പേ മഴ ശമിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. മൂടിക്കെട്ടിയ അന്തരീക്ഷത്തിലാകും മുഴുവന്‍ സമയവും കളി നടക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരാധകരെ സംബന്ധിച്ച് ആവേശം പകരുന്നതാണ് വാര്‍ത്ത. ഇന്ത്യയ്ക്ക് അടുത്ത നാലില്‍ മൂന്നെണ്ണത്തില്‍ ജയിച്ചാല്‍ സെമിയിലെത്താം. അതുകൊണ്ട് തന്നെ നിര്‍ണായകമാണ് നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരം. ആദ്യമായാണ് കുട്ടിക്രിക്കറ്റിലെ ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടുന്നത്.

Related Articles

Back to top button