Cricket

വിവാദങ്ങള്‍ക്കെല്ലാം വിരാമം!! സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ടിന്റെ രക്ഷകരായി ഓസ്‌ട്രേലിയ

ഏറെ ചര്‍ച്ചകള്‍ക്കു വഴിവെച്ച റണ്‍റേറ്റ് വിവാദത്തെ അപ്രസക്തമാക്കി സ്‌കോട്ട്‌ലന്‍ഡിനെതിരേ ഓസ്‌ട്രേലിയ ജയിച്ചു കയറിയപ്പോള്‍ ശ്വാസം നേരെ വീണത് ഇംഗ്ലണ്ടിന്. ടിം ഡേവിഡിന്റെ സിക്‌സര്‍ ഗാലറിയിലെത്തുമ്പോള്‍ അവിടെയുണ്ടായിരുന്ന ഇംഗ്ലണ്ട് ആരാധകരുടെ മുഖത്ത് ആ ആശ്വാസം കാണാമായിരുന്നു.

നേരത്തെ തന്നെ സൂപ്പര്‍ എട്ട് ഉറപ്പിച്ച ഓസ്‌ട്രേലിയ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അഞ്ചു വിക്കറ്റിന് സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്താണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍എട്ട് ബര്‍ത്ത് ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടിയപ്പോള്‍. 19.4 ഓവറില്‍ ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

നേരത്തെ മഴ വില്ലനായെത്തിയ മത്സരത്തില്‍ നമീബിയയെ മഴനിയമപ്രകാരം 41 റണ്‍സിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രതീക്ഷകള്‍ സജീവമാക്കിയിരുന്നെങ്കിലും ഓസ്‌ട്രേലിയ-സ്‌കോട്ട്‌ലന്‍ഡ് മത്സര ഫലം അവരെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് ജയിച്ചാല്‍ ഇംഗ്ലണ്ട് പുറത്താവുന്ന അവസ്ഥ.

റണ്‍റേറ്റ് വിവാദത്തിലകപ്പെട്ട ജോഷ് ഹേസല്‍വുഡിനെയും മറ്റൊരു പ്രധാന പേസറായ പാറ്റ് കമ്മിന്‍സിനെയും ഒഴിവാക്കിയാണ് സ്‌കോട്ട്‌ലന്‍ഡിനെതിരേ ഓസ്‌ട്രേലിയ കളത്തിലിറങ്ങിയത്. ആഷ്ടന്‍ ആഗറും മിച്ചല്‍ സ്റ്റാര്‍ക്കും പകരക്കാരായെത്തി.

ടോസ് നേടിയ ഓസ്‌ട്രേലിയ സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മൈക്കല്‍ ജോണ്‍സിനെ(2) മടക്കാനായെങ്കിലും മറ്റൊരു ഓപ്പണര്‍ ജോര്‍ജ് മുണ്‍സിയും മൂന്നാം നമ്പര്‍ ബ്രണ്ടന്‍ മക്മുള്ളനും ചേര്‍ന്ന് ഓസീസ് ബൗളര്‍മാരെ അടിച്ചു പറത്തി. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ മുന്‍സി പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 89 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

23 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സറും സഹിതം 35 റണ്‍സായിരുന്നു മുന്‍സിയുടെ സമ്പാദ്യം. അധികം വൈകാതെ മക്മുള്ളനും പുറത്ത്. 34 പന്തില്‍ രണ്ടു ഫോറും ആറു സിക്‌സും സഹിതമായിരുന്നു മക്മുള്ളന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്.

പിന്നീട് ക്യാപ്റ്റന്‍ റിച്ചി ബെറിംഗ്ടണ്‍ നടത്തിയ ചെറുത്തു നില്‍പ്പാണ് സ്‌കോട്ടലന്‍ഡിന്റെ സ്‌കോര്‍ 180ല്‍ എത്തിച്ചത്. 31 പന്തില്‍ 42 റണ്‍സ് നേടിയ ബെറിംഗ്ടണ്‍ പുറത്താകാതെ നിന്നു.

11 പന്തില്‍ 18 റണ്‍സ് നേടിയ മാത്യു ക്രോസും നിര്‍ണായക സംഭാവന നല്‍കി. രണ്ടു വിക്കറ്റെടുത്ത ഗ്ലെന്‍ മാക്‌സ് വെല്ലാണ് ഓസീസ് ബൗളര്‍മാരില്‍ മുമ്പന്‍. ആഷ്ടന്‍ ആഗര്‍,നഥാന്‍ എല്ലിസ്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

181 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയയെ തുടക്കത്തില്‍ തന്നെ സ്‌കോട്ടിഷ് ടീം ഞെട്ടിച്ചു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വാര്‍ണര്‍(1) പുറത്ത്. ആറാം ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്(8) കൂടി പുറത്താവുമ്പോള്‍ ടീം സ്‌കോര്‍ 34 മാത്രം.

ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ ഗ്ലെന്‍ മാക്‌സ് വെല്‍(11) കൂടി പുറത്തായതോടെ ഓസ്‌ട്രേലിയയുടെ നില പരുങ്ങിലിലായി. അതോടെ ജയിക്കാന്‍ 70 പന്തില്‍ 121 എന്ന നിലയിലായി ഓസീസ്. എന്നാല്‍ ഓപ്പണര്‍ ട്രവിസ് ഹെഡിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസ് ഒത്തു ചേര്‍ന്നതോടെ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ കുതിച്ചു കയറി.

അവസാന അഞ്ചോവറില്‍ 60 റണ്‍സ് വേണമെന്നിരിക്കെ സൂഫിയാന്‍ ഷെരീഫിന്റെ ഒരോവറില്‍ ഇരുവരും ചേര്‍ന്ന് 24 റണ്‍സ് അടിച്ചെടുത്തതോടെ കളി ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി തിരിയുകയായിരുന്നു.

ടീം സ്‌കോര്‍ 140ല്‍ നില്‍ക്കവെ ട്രവിസ് ഹെഡിനെയും 155ല്‍ വച്ച് മാര്‍ക്കസ് സ്‌റ്റോയിനിസിനെയും പുറത്താക്കി സ്‌കോട്ട്‌ലന്‍ഡ് കളി വീണ്ടും ആവേശകരമാക്കി.

49 പന്തില്‍ അഞ്ചു ഫോറും നാലു സിക്‌സും സഹിതം ഹെഡ് 68 റണ്‍സെടുത്തപ്പോള്‍ 29 പന്തില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സും സഹിതം 59 റണ്‍സായിരുന്നു സ്‌റ്റോയിനിസിന്റെ സമ്പാദ്യം.

മൂന്നോവറില്‍ 26 റണ്‍സ് വേണമെന്നിരിക്കേ മൂന്ന് ഫോറടക്കം 13 റണ്‍സ് നേടി ടിം ഡേവിഡ് ഇംഗ്ലണ്ട് ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നു. 19-ാം ഓവറില്‍ സഫിയാന്‍ ഷെരീഫ് മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ അവസാന ഓവറില്‍ വിജയലക്ഷ്യം അഞ്ചു റണ്‍സായി.

നാലു പന്തില്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ ബ്രാഡ്‌ലി വീല്‍ എറിഞ്ഞ പന്ത് ടിം ഡേവിഡ് ഉയര്‍ത്തിയടിച്ചെങ്കിലും ഫീല്‍ഡര്‍ ക്രിസ് സോളിന് അത് കൈപ്പിടിയിലൊതുക്കാനായില്ല. ഓസീസ് ഡബിള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അടുത്ത പന്ത് സിക്‌സറിനു പറത്തി ഡേവിഡ് ഓസ്‌ട്രേലിയയ്ക്ക് വിജയവും ഇംഗ്ലണ്ടിന് സൂപ്പര്‍ എട്ട് ബര്‍ത്തും ഉറപ്പാക്കി.

Related Articles

Back to top button