Cricket

ജയ്‌സ്വാളിനെ ടീമിലെടുത്തത് വെറുതെയോ ? കോഹ്‌ലി ഓപ്പണറായേക്കുമെന്ന് സൂചന; രോഹിത് പറയുന്നതിങ്ങനെ…

ലോകകപ്പുകളുള്‍പ്പെടെയുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്കു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ എപ്പോഴും ടൂര്‍ണമെന്റിലെ അന്തിമ ലൈനപ്പിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതാണ്.

ഇന്നല നടന്ന ഇന്ത്യ-ബംഗ്ലാദേശ് സന്നാഹമത്സരവും ഇത്തരം ചില സൂചനകളാണ് നല്‍കുന്നത്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരേ ടീം കളത്തിലിറങ്ങുമ്പോള്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ആരാവും ഓപ്പണിംഗ് പങ്കാളിയാവുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം.

യശസ്വി ജയ്‌സ്വാളും വിരാട് കോഹ്ലിയുമാണ് ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള രണ്ട് ഓപ്ഷനുകള്‍. കോഹ് ലി സന്നാഹമത്സരം കളിച്ചിരുന്നില്ല.

വൈകി ടീമിനൊപ്പം ചേര്‍ന്ന കോഹ് ലിയ്ക്ക് മതിയായ വിശ്രമം നല്‍കാനാണ് താരത്തെ ഒഴിവാക്കിയതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു.

എന്നാല്‍ യശസ്വി ജയ്‌സ്വാളിനെ എന്തുകൊണ്ടു പരിഗണിച്ചില്ല എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. സഞ്ജു സാംസണാണ് രോഹിതിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.

അതിനര്‍ത്ഥം, വരാനിരിക്കുന്ന മത്സരങ്ങളില്‍ ജയ്‌സ്വാള്‍ ഫസ്റ്റ് ചോയ്സ് ഓപ്പണര്‍ ആകില്ല എന്നാണോയെന്നാണ് ഇപ്പോള്‍ ആരാധകര്‍ സംശയിക്കുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ ടീം ലൈനപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് രോഹിത് ചെയ്തത്.

കാര്യങ്ങള്‍ എങ്ങനെ പോയി എന്നതില്‍ വളരെ സന്തോഷമുണ്ട്. കളിയില്‍ നിന്ന് ഞങ്ങള്‍ ആഗ്രഹിച്ചത് ഏറെക്കുറെ ലഭിച്ചു. ടോസില്‍ ഞാന്‍ പറഞ്ഞതുപോലെ, സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് പ്രധാനമാണ്.

പുതിയ വേദി, പുതിയ ഗ്രൗണ്ട്, ഡ്രോപ്പ്-ഇന്‍ പിച്ച് ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഞങ്ങള്‍ അത് നന്നായി കൈകാര്യം ചെയ്തു. മത്സരശേഷം രോഹിത് പറഞ്ഞു.

റിഷഭ് പന്തിനെ മൂന്നാമത് ഇറക്കിയത് താരത്തിന് ഒരവസരം നല്‍കാന്‍ വേണ്ടി മാത്രമാണ്. ബൗളര്‍മാര്‍ കൂടി നന്നായി കളിച്ചതോടെ എല്ലാ കാര്യങ്ങളിലും സന്തോഷമായി.

മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയുമെന്ന് അര്‍ഷ്ദീപ് സിംഗ് തെളിയിച്ചു. മികച്ച 15 താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. ഓരോ മത്സരത്തിലെയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഏറ്റവും മികച്ച ടീമിനെ ഇറക്കും. രോഹിത് വ്യക്തമാക്കി. സന്നാഹമത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചേക്കുമെന്ന് ഏതാണ്ടുറപ്പായിരിക്കുകയാണ്.

Related Articles

Back to top button