Cricket

ഡേവിഡ് മില്ലറുടെ ക്യാച്ചെടുക്കുമ്പോള്‍ സൂര്യയുടെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടിയെന്ന് ആരോപണം !! പുതിയ വിവാദം

ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ വിജയമുറപ്പാക്കിയത് ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം മില്ലറെ അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയ സൂര്യകുമാര്‍ യാദവാണ്.

ഡേവിഡ് മില്ലറുടെ പുറത്താകലോടെ ദക്ഷിണാഫ്രിക്കയുടെ വിജയ പ്രതീക്ഷകളും ഇല്ലാതായിരുന്നു. വിജയത്തിലെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരോവറില്‍ 16 റണ്‍സ് വേണ്ടപ്പോഴായിരുന്നു മില്ലറുടെ പുറത്താകല്‍.

ഇപ്പോഴിതാ ഈ ക്യാച്ചിനെച്ചൊല്ലി പുതിയ വിവാദമുയര്‍ന്നിരിക്കുകയാണ്. ക്യാച്ചെടുക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടുന്നുണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ ‘പുതിയ’ കണ്ടെത്തല്‍

മില്ലറുടെ ഷോട്ടില്‍ സിക്‌സര്‍ നല്‍കേണ്ടതായിരുന്നെന്നാണ് സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ അടക്കം പങ്കുവച്ച് ഇവര്‍ അവകാശപ്പെടുന്നത്.

പാണ്ഡ്യയുടെ ഫുള്‍ ടോസ് പന്ത് മില്ലര്‍ അടിച്ചപ്പോള്‍ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ലോംഗ് ഓണില്‍ സൂര്യകുമാര്‍ യാദവ് പിടിച്ചെടുക്കുകയായിരുന്നു.

ബൗണ്ടറിയിലേക്ക് കയറും മുമ്പ് പന്ത് പുറത്തേക്ക് എറിഞ്ഞ സൂര്യ പിന്നീട് ഗ്രൗണ്ടിലേക്ക് തിരികെയെത്തി പന്ത് ക്യാച്ചെടുക്കുകയായിരുന്നു.

ലോകകപ്പിലെ എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്നായാണ് ഇതിനെ കമന്റേറ്റര്‍മാര്‍ വിശേഷിപ്പിച്ചത്. ലോംഗ് ഓണില്‍ ബൗണ്ടറി റോപ് നേരത്തേ തീരുമാനിച്ച ഇടത്തുനിന്നും നീങ്ങിക്കിടന്നതായാണു മറ്റു ചിലരുടെ കണ്ടെത്തല്‍.

അംപയര്‍ കൂടുതല്‍ ആംഗിളുകളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു തീരുമാനമെടുക്കണമായിരുന്നെന്നാണ് വിവാദമുയര്‍ത്തുന്നവര്‍ വാദിക്കുന്നത്. ഏഴു റണ്‍സിനായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ വിജയം.

Related Articles

Back to top button