Cricket

ഇന്ത്യന്‍ സൈന്യത്തെയും ഡല്‍ഹി പോലീസിനെയും ഇറക്കേണ്ടി വരും ഇവരെ രക്ഷിക്കാന്‍!! ഐപിഎല്‍ മത്സരത്തിനിടെ ഹര്‍ഷ ഭോഗ്ലെ പറഞ്ഞതിങ്ങനെ…

ഈ സീസണില്‍ റണ്‍മഴ പെയ്യിക്കുന്നത് ഹരമാക്കിയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മുംബൈയ്‌ക്കെതിരേയും ബംഗളൂരുവിനെതിരേയും നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് ഡല്‍ഹിയ്‌ക്കെതിരേയും അവര്‍ പുറത്തെടുത്തപ്പോള്‍ നിരവധി റെക്കോഡുകളാണ് തകര്‍ന്നു വീണത്.

ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഡല്‍ഹിയെ കൊന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. വെറും 32 പന്തില്‍ 11 സിക്‌സറും ആറു ബൗണ്ടറികളും സഹിതം 89 റണ്‍സ് ഹെഡിന്റെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍. വെറും 12 പന്തില്‍ രണ്ടു ഫോറും ആറ് സിക്‌സറുകളുമടക്കം 46 റണ്‍സായിരുന്നു അഭിഷേകിന്റെ സമ്പാദ്യം.

12 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറിയുടെ റെക്കോഡിടാന്‍ താരത്തിനായില്ലെന്നതു മാത്രമാണ് ഹൈദരാബാദിന് നഷ്ടം. ക്ലാസന് കാര്യമായി തിളങ്ങാനായില്ലെങ്കിലും പിന്നാലെ എത്തിയ നിതീഷ് റെഡ്ഡിയും ഷഹബാസ് അഹമ്മദും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 250 കടക്കുകയായിരുന്നു.

ട്രവിസ് ഹെഡ് 278.12 എന്ന സ്‌ട്രൈക്ക് റേറ്റിലും അഭിഷേക് 383.33 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ബാറ്റ് വീശിയത്.

ഇവരുടെ ബാറ്റിംഗ് വെടിക്കെട്ട് കണ്ട്, ഡിസിയെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെയും ഡല്‍ഹി പോലീസിനെയും വിന്യസിക്കണമെന്നായിരുന്നു മത്സരത്തിനിടെ ഹര്‍ഷ ഭോഗ്ലെ സരസമായി പറഞ്ഞത്.

ഹൈദരാബാദിന്റെ ഓപ്പണര്‍മാര്‍ പവര്‍പ്ലേ ഓവറില്‍ 125 റണ്‍സാണ് അടിച്ചെടുത്തത്. ബോള്‍ സ്ഥിരമായി സ്റ്റാന്‍ഡിലേക്ക് യാത്ര ചെയ്തു.

അക്‌സര്‍ പട്ടേല്‍ അഭിഷേകിന്റെ തകര്‍പ്പന്‍ ക്യാച്ച് എടുക്കുന്നതിന് മുമ്പ് വരെ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് നിസ്സഹായനായിരുന്നു.

പിന്നാലെ ഒരു റണ്‍സ് സംഭാവന ചെയ്ത എയ്ഡന്‍ മര്‍ക്രമിനെയും കുല്‍ദീപ് വീഴ്ത്തി. ഇതിന് പിന്നാലെ ഹെഡും കുല്‍ദീപിനിരയായി.

അതിനിടെ ഡല്‍ഹിയോട് ഹര്‍ഷ ഭോഗ്‌ലെ സഹതാപം പ്രകടിപ്പിച്ചു. ‘പൊലീസിനെ വിളിക്കുക! കവചിത സേനയെ വിളിക്കൂ! സൈന്യത്തെ വിളിക്കുക! ഡല്‍ഹി ക്യാപിറ്റല്‍സിന് ഇവിടെ കുറച്ച് സഹായം ആവശ്യമാണ്’ അദ്ദേഹം എക്സില്‍ കുറിച്ചു.

ആകെ മത്സരത്തില്‍ റിഷഭ് പന്തിന് അനുകൂലമായത് ടോസ് മാത്രമാണ്. എന്നാല്‍ ഫീല്‍ഡ് ചെയ്യാനുള്ള തീരുമാനം പാളുകയായിരുന്നു. ഹൈദരാബാദിന്റെ സ്‌കോറായ 266 പിന്തുടര്‍ന്ന ഡല്‍ഹി 67 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

Related Articles

Back to top button