Cricket

ട്വന്റി20 ലോകകപ്പില്‍ കളിക്കാന്‍ തയ്യാറെന്ന് ദിനേശ് കാര്‍ത്തിക്ക്!! സൂക്ഷിച്ചില്ലെങ്കില്‍ സഞ്ജുവിനും പന്തിനുമൊക്കെ പണികിട്ടും

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ട്വന്റി20 ലോകകപ്പില്‍ കയറിക്കൂടാനാണ് എല്ലാ ഇന്ത്യന്‍ താരങ്ങളുടെയും ശ്രമം. പ്രധാനമായും ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് ഏറ്റവുമധികം മത്സരം നടക്കുന്നത്.

സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ധ്രുവ് ജൂറല്‍, കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ എന്നിവര്‍ തമ്മിലാണ് മത്സരം.

ഇപ്പോഴിതാ ഐപിഎല്‍ തുടങ്ങുന്നതു വരെ ലിസ്റ്റിലില്ലാത്ത ഒരു പേരുകൂടി വന്നിരിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ് ഇപ്പോള്‍ ലോകകപ്പില്‍ കളിക്കാനുള്ള തന്റെ മോഹം തുറന്നു പറഞ്ഞിരിക്കുന്നത്.

ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന് തയ്യാറാണെന്നും ടീമില്‍ ഇടം പിടിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.

അമേരിക്കയിലും വെസ്റ്റീന്‍ഡീസിലുമായി ജൂണ്‍ മാസം തുടങ്ങുന്ന ടി20 ലോകകകപ്പിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ടീം തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റ്.

ഐപിഎല്ലിലെ താരങ്ങളുടെ പ്രകടനം ടീം തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള ആഗ്രഹം ഡികെ തുറന്നുപറഞ്ഞത്.

ട്വന്റി20 ലോകകപ്പില്‍ കളിക്കാനാവുക എന്നത് തന്റെ സ്വപ്നമാണെന്നും കാര്‍ത്തിക് പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുന്നതിനേക്കാള്‍ വലുതായി ജീവിതത്തില്‍ മറ്റൊന്നും നേടാനില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും കാര്‍ത്തിക് പറഞ്ഞു.

എന്നാല്‍ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കും ഉറച്ച തീരുമാനമുണ്ടെന്നും അവരുടെ നിലപാട് എന്തായാലും അതിനെ പിന്തുണക്കുമെന്നും കാര്‍ത്തിക് വ്യക്തമാക്കി.

എനിക്ക് അവരോട് പറയാനുള്ളത് ഇത് മാത്രമാണ്. ഞാന്‍ 100 ശതമാനം തയാറായി ഇരിക്കും. ലോകകപ്പ് ടീമില്‍ ഇടം നേടാനായി എന്റെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യും-കാര്‍ത്തിക് വ്യക്തമാക്കി.

തന്റെ അവസാന ഐപിഎല്‍ കളിക്കുന്ന ദിനേശ് കാര്‍ത്തിക് സീസണില്‍ മിന്നുന്ന ഫോമിലാണ്. ഹൈദരാബാദിന്റെ മാമത്ത് ടോട്ടല്‍ പിന്തുടര്‍ന്ന ആര്‍സിബിയ്ക്കായി 35 പന്തില്‍ 83 റണ്‍സ് അടിച്ചു കൂട്ടി കാര്‍ത്തിക് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.

288 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആര്‍സിബിയെ 262 വരെയെത്തിക്കാന്‍ ഡികെയ്ക്കായി. സീസണിലെ ഏറ്റവും വലിയ സിക്‌സറും മത്സരത്തില്‍ ഡികെ പറത്തി. നടരാജനെ സ്റ്റേഡിയത്തിനു മുകളിലേക്ക് പായിച്ച പന്ത് പോയി വീണത് 108 മീറ്റര്‍ അപ്പുറത്താണ്.


ഈ സീസണില്‍ കളിച്ച ആറ് ഇന്നിംഗ്‌സുകളിലായി 226 റണ്‍സാണ് 38കാരനായ കാര്‍ത്തിക് അടിച്ചെടുത്തത്. ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറെ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ദിനേശ് കാര്‍ത്തികിനെ ഫിനിഷറായി ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.

അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കാത്തിരിക്കുന്ന സഞ്ജുവും റിഷഭ് പന്തും അടക്കമുള്ള താരങ്ങള്‍ക്ക് അത് വലിയ തിരിച്ചടിയാകും. ഫിനിഷറായാണ് ഇറങ്ങുന്നത് എന്നതും കാര്‍ത്തിക്കിന് അനൂകല ഘടകമാണ്. നിലവില്‍ സഞ്ജവും റിഷഭ് പന്തും ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത്.

ഐപിഎല്ലിലെ മിന്നും പ്രകടനമാണ് 2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി20 ലോകകപ്പ് ടീമിലും കാര്‍ത്തിക്കിന് ഇടം നേടിക്കൊടുത്തത്. എന്നാല്‍ ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ഡികെയ്ക്കായില്ല. എന്നാല്‍ ഇത്തവണത്തെ ഫോം താരം കരുതിക്കൂട്ടിയാണെന്ന സൂചനയാണ് നല്‍കുന്നത്.

Related Articles

Back to top button