Cricket

സഞ്ജു ഇല്ലെങ്കില്‍ നഷ്ടം ഇന്ത്യയ്ക്ക് മാത്രമാണ്!! കോഹ്‌ലിയ്ക്കും രോഹിതിനുമൊപ്പം തലപ്പൊക്കം ഉള്ളയാള്‍; തുറന്നടിച്ച് ഗംഭീര്‍

ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നിരിക്കെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

ഈ ഐപിഎല്‍ സീസണില്‍ 385 റണ്‍സുമായി റണ്‍സ് വേട്ടക്കാരില്‍ ആറാമനാണ് സഞ്ജു. സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആവട്ടെ ഇതിനോടകം പ്ലേഓഫ് ഉറപ്പിക്കുകയും ചെയ്തു.

അതേ സമയം പല മുന്‍ താരങ്ങളും തെരഞ്ഞെടുത്ത ലോകകപ്പ് ടീമില്‍ സഞ്ജുവില്ലെന്നതാണ് ദുഖകരമായ കാര്യം. ഇതിനിടയിലാണ് സഞ്ജുവിനെ പിന്തുണച്ച് ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇനിയും സഞ്ജുവിനെ പരിഗണിച്ചില്ലെങ്കില്‍ അത് ഇന്ത്യയുടെ നഷ്ടമാകുമെന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റര്‍ കൂടിയായ ഗംഭീര്‍ പറയുന്നത്.

”സഞ്ജു ഇന്ത്യക്ക് വേണ്ടി കളിച്ചില്ലെങ്കില്‍ അത് സഞ്ജുവിന്റെ നഷ്ടമല്ല, ഇന്ത്യയുടെ നഷ്ടമാണ്. രോഹിത് ശര്‍മയ്ക്കും വിരാട് കോലിയും ലഭിച്ച പിന്തുണ സഞ്ജുവിനും ലഭിക്കണം. അതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

അദ്ദേഹത്തെ പിന്തുണച്ചില്ലെങ്കില്‍ നഷ്ടമാവുക ഭാവിയില്‍ ഒന്നാം നമ്പര്‍ ബാറ്ററെ ആയിരിക്കും. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇതുവരെ സഞ്ജുവിനെ പിന്തുണച്ചിട്ടില്ല. ഞാന്‍ തിരഞ്ഞെടുക്കുന്ന ടീമില്‍ സഞ്ജു നാലാമനായിട്ട് ബാറ്റ് ചെയ്യും.” ഗംഭീര്‍ വ്യക്തമാക്കി.

കൂടുതല്‍ ക്രിക്കറ്റ് വാര്‍ത്തകള്‍ക്കായി സ്‌പോര്‍ട്‌സ്‌ക്യൂവിന്റെ ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ട്വന്റി20 ലോകകപ്പില്‍ സഞ്ജു ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവുമെന്ന് കഴിഞ്ഞ ദിവസം ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാറപകടം നടന്ന് ഒന്നര വര്‍ഷത്തിനു ശേഷം റിഷഭ് പന്ത് ഐപിഎല്ലിലൂടെയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ ഏകദിന ലോകകപ്പിന്റെ ക്ഷീണം തീര്‍ക്കാന്‍ സുശക്തമായ ടീമിനെ അണിനിരത്താനൊരുങ്ങുന്ന ഇന്ത്യന്‍ മാനേജ്‌മെന്റ് പന്തിനെ പ്രധാന വിക്കറ്റ് കീപ്പറാക്കണ്ടായെന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്.

സ്പിന്നിനെതിരെ നന്നായി കളിക്കുന്ന സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിച്ചേക്കും. യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരായിരിക്കും ടോപ് ഫോര്‍. എന്തായാലും സഞ്ജു അമേരിക്കയിലേക്ക് പറക്കുമെന്ന കാര്യം ഏതാണ്ടുറപ്പായിരിക്കുകയാണ്.

Related Articles

Back to top button