Cricket

കിഷനും സഞ്ജുവിനും ഭീഷണിയായി വെടിക്കെട്ട് കീപ്പറുടെ എന്‍ട്രി!! സിസോദിയയില്‍ കണ്ണുനട്ട് ഐപിഎല്‍ വമ്പന്മാര്‍!!

ഇന്ത്യന്‍ ക്രിക്കറ്റില്‍ എംഎസ് ധോണി വിരമിച്ച ശേഷം വിക്കറ്റ് കീപ്പര്‍മാര്‍ വന്നും പോയുമിരിക്കുകയാണ്. ദിനേഷ് കാര്‍ത്തിക് മുതല്‍ നീളുന്ന പട്ടിക ഇഷാന്‍ കിഷനിലും ജിതേഷ് ശര്‍മയിലും സഞ്ജു സാംസണിലും എത്തി നില്‍ക്കുകയാണ്.

വരുന്നവരെല്ലാം യുവതാരങ്ങളാണെങ്കിലും പ്രതിഭകളെന്ന് പേരെടുത്തവരെങ്കിലും ആര്‍ക്കും സ്ഥായിയായി ടീമില്‍ നിലനില്‍ക്കാന്‍ പറ്റുന്നില്ലെന്നതാണ് സത്യം. കാര്‍ അപകടത്തില്‍ പരിക്കേല്‍ക്കും വരെ കുറച്ചധികം കാലത്തേക്ക് വിക്കറ്റ് കീപ്പറുടെ റോളില്‍ നിലനിന്നത് റിഷാഭ് പന്തായിരുന്നു.

ഇപ്പോഴിതാ, എല്ലാ വിക്കറ്റ് കീപ്പര്‍മാര്‍ക്കും ഭീഷണിയായി കര്‍ണാടകയില്‍ നിന്നൊരു താരം ഉദിച്ചു വരുന്നുണ്ട്. ലവ്‌നിത് സുജിത് സിസോദിയ എന്നാണ് ഈ താരത്തിന്റെ പേര്. വെറും 23കാരനായ ഈ ഇടംകൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വിക്കറ്റിന് പിന്നില്‍ ചോരാത്ത കീപ്പര്‍ കൂടിയാണ്.

കഴിഞ്ഞ വര്‍ഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തിന്റെ മേന്മ അറിഞ്ഞ് ടീമിലെത്തിച്ചിരുന്നു. ഈ സീസണില്‍ ഒരൊറ്റ ഐപിഎല്‍ മല്‍സരം പോലും കളിച്ചില്ലെങ്കിലും അടുത്ത സീസണില്‍ പല ടീമുകളും ഈ താരത്തെ ലക്ഷ്യമിട്ടിട്ടുണ്ട്.

ബെംഗളൂരില്‍ നടക്കുന്ന മഹാരാജാ ടി20 ട്രോഫിയില്‍ അടിച്ചു തകര്‍ത്ത് ഏവരുടെയും നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ് സിസോദിയ. ഹൂബ്ലി ടൈഗേഴ്‌സിന് വേണ്ടിയാണ് താരം കളിക്കുന്നത്. കഴിഞ്ഞദിവസം താരത്തിന്റെ വെടിക്കെട്ട് ക്രിക്കറ്റ് ലോകം കാണുകയും ചെയ്തിരുന്നു.

അവരുടെ ഓപ്പണറായ സിസോദിയ കഴിഞ്ഞ ദിവസം മൈസൂരു വാരിയേഴ്‌സിനെതിരേ വെറും 62 പന്തില്‍ 105 റണ്‍സെടുത്ത് കരുത്തു തെളിയിച്ചിരുന്നു. 7 വീതം സിക്‌സറുകളും ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

അവസാനം കളിച്ച 5 ഇന്നിംഗ്‌സില്‍ നിന്നും 3 അര്‍ധസെഞ്ചുറിയും സെഞ്ചുറിയും കണ്ടെത്താന്‍ സിസോദിയയ്ക്ക് സാധിച്ചു. കര്‍ണാടകയിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്ന ലീഗാണ് മഹാരാജാ ടി20 ലീഗ്. ഈ ലീഗിലെ മിന്നും പ്രകടനം ദേശീയ ശ്രദ്ധയിലേക്ക് താരത്തെ എത്തിച്ചിട്ടുണ്ട്.

വെറും കടുംവെട്ട് ബാറ്റിംഗിനെക്കാള്‍ സാഹചര്യത്തിനനുസരിച്ച് കളിക്കുന്നതാണ് സിസോദിയയുടെ രീതി. വിരാട് കോഹ്ലി അടുത്തിടെ ഭാവി താരമെന്ന് സിസോദിയയെ വിശേഷിപ്പിച്ചിരുന്നു. അത്രമാത്രം മനോഹരീതയോടെയാണ് ഇടംകൈയന്‍ താരം ബാറ്റ് ചെയ്യുന്നത്.

ഇന്ത്യന്‍ ടീമില്‍ ഏകദിനത്തിലും ട്വന്റി-20യിലും ഇതുവരെ ഒരു സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വന്നിട്ടില്ലെന്നത് ഈ ബെംഗളൂരു സ്വദേശിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. അടുത്ത ഐപിഎല്ലില്‍ തകര്‍ത്തു കളിക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള എന്‍ട്രിയും റെഡിയാകും.

ഇഷാന്‍ കിഷനും സഞ്ജു സാംസണിനുമെല്ലാം ഒത്തൊരു വെല്ലുവിളി തന്നെയാകും സിസോദിയയുടെ വരവ് സമ്മാനിക്കുക. അടുത്ത രഞ്ജി സീസണില്‍ സിസോദിയയുടെ മികവ് അളക്കുന്ന സീസണാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button