CricketIPL

ഹര്‍ദിക് വിഭാഗം മുംബൈ ക്യാംപില്‍ ‘ന്യൂനപക്ഷം’ ; രോഹിത് ഗ്യാംഗിന് ശക്തികൂടുന്നു!! മൗനംപാലിച്ച് മാനേജ്‌മെന്റ്!!

ഇത്തവണത്തെ ഐപിഎല്‍ അവസാനിക്കുംമുമ്പ് മുംബൈ ഇന്ത്യന്‍സില്‍ വലിയ പൊട്ടിത്തെറിക്കും പടലപ്പിണക്കങ്ങള്‍ക്കും സാധ്യത തെളിയുന്നു. പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഭരണപരിഷ്‌കാരങ്ങളിലും സീനിയര്‍ താരങ്ങളോടുള്ള മനോഭാവത്തിലും വലിയ തോതില്‍ രോഷം ടീമംഗങ്ങളില്‍ പ്രകടമാണ്.

പഴയ ഐക്യം ടീമില്‍ കൈമോശം വന്നതായി വിവിധ റിപ്പോര്‍ട്ടുകളും അടിവരയിടുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ മല്‍സരത്തിനുശേഷം ഗ്രൗണ്ടില്‍വച്ചു തന്നെ രോഹിത് ശര്‍മയും പാണ്ഡ്യയും തമ്മില്‍ വാക്കുകള്‍ കൊണ്ട് ചില ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.

മുംബൈ ഇന്ത്യന്‍സിലെ താരങ്ങള്‍ രണ്ട് ഗ്യാംഗുകളായി തിരിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണ രോഹിത് ശര്‍മയ്ക്കാണ്. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് രോഹിതിന്റെ വിശ്വസ്തര്‍.

മറുവശത്ത് ഇഷാന്‍ കിഷന്‍ മാത്രമാണ് ഹര്‍ദിക്കുമായി വലിയ അടുപ്പം കാത്തുസൂക്ഷിക്കുന്ന താരം. വിദേശ താരങ്ങള്‍ രണ്ടു ചേരിയിലായി നില്‍ക്കുന്നില്ലെങ്കിലും ക്യാപ്റ്റനായ ഹര്‍ദിക്കിനെ അനുസരിക്കുന്നവരാണ്. ടീം മാനേജ്‌മെന്റിന്റെ പിന്തുണയും പാണ്ഡ്യയ്ക്ക് തന്നെയാണ്.

സ്ഥിരമായി ന്യൂബോള്‍ എടുത്തിരുന്ന ബുംറയെ മൂന്നാമതായി ബൗളിംഗില്‍ കൊണ്ടുവന്ന പരിഷ്‌കാരം ആരാധകരില്‍ തന്നെ പിറുപിറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മികച്ച പ്രകടനം നടത്തിയെങ്കിലും സ്‌ട്രൈക്ക് ബൗളറെന്ന സ്ഥാനം പോയതില്‍ ബുംറയും അതൃപ്തനാണത്രേ.

ആദ്യ മല്‍സരത്തില്‍ രോഹിതിനെ ബൗണ്ടറിലൈനില്‍ ഫീല്‍ഡിംഗിന് നിയോഗിച്ചത് വലിയ തോതില്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. രോഹിതിനെ അപമാനിക്കാനാണ് ഹര്‍ദിക് ഇത്തരത്തിലുള്ള നീക്കം നടത്തിയെന്നാണ് പലരുടെയും അഭിപ്രായം.

ഫീല്‍ഡില്‍ പലപ്പോഴും രോഹിതിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പുതിയ നായകന്‍ റിതുരാജ് ഗെയ്ക്ക്‌വാദ് പലപ്പോഴും ധോണിയുടെ അഭിപ്രായങ്ങള്‍ ഫീല്‍ഡില്‍ കേള്‍ക്കാറുണ്ട്.

മുംബൈ ഇന്ത്യന്‍സില്‍ പക്ഷേ ഹര്‍ദിക് വിഭിന്നനാണ്. രോഹിതിനോട് യാതൊരു ഉപദേശവും തേടാറില്ലെന്ന് മാത്രമല്ല കേട്ടഭാവം പോലും നടിക്കാറില്ലെന്നാണ് വിമര്‍ശനം. ആദ്യ മല്‍സരത്തിലെ രോഹിതിന്റെ ശരീരഭാഷ ഇതു ശരിവയ്ക്കുന്നുമുണ്ട്.

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഗ്രൗണ്ടില്‍ രണ്ട് ടീമിന്റെയും ആരാധകര്‍ സന്തോഷത്തോടെ സ്‌റ്റേഡിയം വിട്ട മല്‍സരമെന്നാണ് മുംബൈ-ഗുജറാത്ത് മല്‍സരത്തെ വിശേഷിപ്പിക്കുന്നത്. കടുത്ത മുംബൈ ആരാധകര്‍ പോലും ഹര്‍ദിക്കിന്റെയും ടീമിന്റെയും തോല്‍വിയില്‍ തൃപ്തരായിരുന്നത്രേ.

മുമ്പ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചു വിളിച്ചതു പോലെ രോഹിതിനെ ടൂര്‍ണമെന്റിന്റെ ഇടയില്‍ തിരിച്ചു വിളിക്കണമെന്ന ആവശ്യം ആരാധകരില്‍ നിന്നും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ടീം മാനേജ്‌മെന്റ് തീരുമാനം നിര്‍ണായകമാകും.

അതേസമയം, ലോകകപ്പ് ഒരുക്കത്തിന്റെ പേരുപറഞ്ഞ് രോഹിത് ടൂര്‍ണമെന്റ് പകുതിയാകുമ്പോള്‍ ടീം വിട്ടേക്കുമെന്ന സൂചനകളും വരുന്നുണ്ട്. പ്രമുഖ താരങ്ങള്‍ക്ക് അവസാന ഘട്ടത്തില്‍ വിശ്രമം നല്കണമെന്ന് ബിസിസിഐയും ആവശ്യപ്പെട്ടേക്കും.

Related Articles

Back to top button