Cricket

മുഹമ്മദ് റിസ്വാന് ഓസ്‌കാര്‍ അവാര്‍ഡ് നല്‍കണം !! ഇത് പതിവ് പരിപാടിയെന്ന് ആരാധകര്‍

ഇന്ത്യ-പാക് മത്സരത്തിനിടെ പരിക്കേറ്റ് വേദന കൊണ്ട് പുളയുന്ന പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ ഒന്നല്ല പല തവണയാണ് മൈതാനത്ത് കണ്ടത്.

ഇത് അഭിനയമാണെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്. റിസ്വാന്റെ തന്നെ പഴയൊരു പ്രതികരണം ആയുധമാക്കുകയാണ് വിമര്‍ശകര്‍.

മുഹമ്മദ് റിസ്വാന്‍ കളത്തിലിറങ്ങിയാല്‍ പിന്നെ ടീം ഫിസിയോയ്ക്ക് വിശ്രമമില്ല എന്നൊരു അടക്കംപറച്ചിലും ക്രിക്കറ്റ് ലോകത്തുണ്ട്.

വേദന കൊണ്ട് പുളയുന്ന റിസ്വാനെ പരിചരിക്കാന്‍ ഓടിയെത്തുന്ന ഫിസോയോ മിക്ക മത്സരങ്ങളിലെയും കാഴ്ചയാണ്. ഇതു തന്നെയാണ് ഇന്ത്യ-പാക് മത്സരത്തിലും സംഭവിച്ചതെന്ന് ആരാധകര്‍ പറയുന്നു.

കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ മൈതാനത്ത് വേദന കൊണ്ട് പുളഞ്ഞ റിസ്വാന്‍ മത്സരശേഷം പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

വേദനയെ കുറിച്ച് ചോദിച്ചപ്പോള്‍ ചില സമയത്ത് പേശിവലിവ്, ചില സമയത്ത് അഭിനയം എന്നായിരുന്നു റിസ്വാന്റെ പ്രതികരണം.

ഇത് ഓര്‍മ്മയുള്ളത് കൊണ്ടാവണം റിസ്വാന്റെ ഇന്നലത്തെ പരിക്കിനെയും പലരും സംശയിച്ചത്. ഇന്നലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് വിക്കറ്റിലേക്ക് എറിഞ്ഞ ഒരു പന്തും താരത്തിന്റെ കയ്യില്‍ കൊണ്ടിരുന്നു.

എന്തായാലും റിസ്വാന്റെ ബാറ്റിംഗിനെ കുറിച്ച് അശ്വിന്‍ എക്സില്‍ കുറിച്ചിട്ട വാക്കുകളും ചര്‍ച്ചയായി. വേദന കടിച്ചമര്‍ത്തിയുള്ള റിസ്വാന്റെ ബാറ്റിംഗ് ഞാന്‍ ഇഷ്ടപ്പെടുന്നെന്നും മിക്കപ്പോഴും അദ്ദേഹം ഇങ്ങനെ തന്നെയാണ് ബാറ്റ് ചെയ്യാറെന്നുമായിരുന്നു അശ്വിന്റെ വാക്കുകള്‍.

വേദന നിറഞ്ഞ 44 ബോളിലെ 31 റണ്‍സിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു എന്നായിരുന്നു റിസ്വാന്‍ പുറത്തായപ്പോഴുള്ള അശ്വിന്റെ പ്രതികരണം.

പാര്‍ട്ട് ടൈം ക്രിക്കറ്റര്‍, ഫുള്‍ ടൈം ആക്ടര്‍, ഓസ്‌കറിന് അര്‍ഹതയുള്ള അഭിനയം എന്നിങ്ങനെയായിരുന്നു അശ്വിന്റെ പോസ്റ്റിന് താഴെ ആരാധകര്‍ റിസ്വാനെക്കുറിച്ച് കമന്റ് ചെയ്തത്.

Related Articles

Back to top button