Cricket

പാക്കിസ്ഥാന്റെ വിധി ആവര്‍ത്തിച്ച് ബംഗ്ലാദേശും !! സൂപ്പര്‍ എട്ടില്‍ കടക്കുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക

ഇന്ത്യ-പാക് മത്സരത്തില്‍ പാക്കിസ്ഥാനു സംഭവിച്ചതു തന്നെ കഴിഞ്ഞ ദിവസം ബംഗ്ലാദേശിനും സംഭവിച്ചു.

ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജയിക്കാവുന്ന കളി അവസാന നിമിഷം അവര്‍ കൈവിടുകയായിരുന്നു.

114 എന്ന താരതമ്യേന എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന അവര്‍ക്ക് പക്ഷെ 109 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കേണ്ടി വന്നു. ഇതോടെ സൂപ്പര്‍ എട്ടിലെത്തുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക മാറുകയും ചെയ്തു.

നാസോ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ച് ഇതിനോടകം എല്ലാവര്‍ക്കും മനസ്സിലായ സാഹചര്യത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.

പ്രതീക്ഷിച്ച പോലെ പവര്‍പ്ലേ പിന്നിടുമ്പോഴേക്കും പ്രോട്ടിയാസിന് നാലു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.

എന്നാല്‍ പതിവ് രക്ഷകന്‍ ഡേവിഡ് മില്ലറിനൊപ്പം ഇത്തവണ ഹെന്‍ റിച്ച് ക്ലാസന്‍ കൂടി ഒത്തു ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 100 കടന്നു.

സ്‌കോര്‍ ഒരു 130-135 എത്തുമെന്ന് ഇതോടെ ഏവരും കരുതിയെങ്കിലും ഇരുവരെയും അടുത്തടുത്ത് പുറത്താക്കി ബംഗ്ലാദേശി ബൗളര്‍മാര്‍ കളിപിടിക്കുകയായിരുന്നു.

44 പന്തില്‍ രണ്ടു ഫോറും മൂന്ന് സിക്‌സും സഹിതം 46 റണ്‍സായിരുന്നു ക്ലാസന്റെ സമ്പാദ്യം. മില്ലര്‍ 38 പന്തില്‍ 29 റണ്‍സാണ് നേടിയത്.

അവസാന ഓവറുകളില്‍ മികച്ച ബൗളിംഗ് കാഴ്ചവച്ച ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ 113ല്‍ ഒതുക്കി.

നാലോവറില്‍ 18 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ തന്‍സിം ഹസന്‍ സാകിബും, 19 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ടസ്‌കിന്‍ അഹമ്മദും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടിയത്.

114 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം ദക്ഷിണാഫ്രിക്കയേക്കാള്‍ മികച്ചതായിരുന്നു. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 29 റണ്‍സാണ് അവര്‍ നേടിയത്.

9.5 ഓവറില്‍ 50ന് നാല് എന്ന നിലയില്‍ അവര്‍ പതറിയെങ്കിലും അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന തൗഹിദ് ഹൃദോയ്-മഹമ്മദുള്ള സഖ്യം അവര്‍ക്ക് പ്രതീക്ഷ നല്‍കി. 17 ഓവര്‍ അവര്‍ 94ലെത്തി.

മൂന്നോവറും ആറു വിക്കറ്റും ശേഷിക്കെ ജയിക്കാന്‍ വെറും 20 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍.

എന്നാല്‍ 18-ാം ഓവറിലെ ആദ്യ പന്തില്‍ ഹൃദോയ് പുറത്തായത് ബംഗ്ലാദേശിന് കനത്ത പ്രഹരമായി. തുടര്‍ന്ന് അച്ചടക്കത്തോടെ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ അവസാന ഓവറില്‍ വിജയലക്ഷ്യം 11 എന്ന നിലയിലെത്തിച്ചു.

എന്നാല്‍ അവസാന ഓവറില്‍ ആറു റണ്‍സ് മാത്രമേ ബംഗ്ലാദേശിന് എടുക്കാനായുള്ളൂ. ജേക്കര്‍ അലിയുടെയും മഹമ്മദുള്ളയുടെയും വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

അങ്ങനെ, ഏഴു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സില്‍ അവര്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചതോടെ ദക്ഷിണാഫ്രിക്കയ്ക്ക് നാലു റണ്‍സ് വിജയവും സൂപ്പര്‍ എട്ട് ബെര്‍ത്തും.

തൗഹിദ് ഹൃദോയ്(37), മഹമ്മദുള്ള(20), നജ്മുള്‍ ഹുസൈന്‍ ഷാന്റോ(14) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കണ്ടത്.

രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍മാരായ ആന്‍ റിച്ച് നോര്‍ക്യയും കഗിസോ റബാഡയുമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിംഗില്‍ മികച്ചു നിന്നത്. അവസാന ഓവറിലെ രണ്ടു വിക്കറ്റടക്കം മൂന്നു വിക്കറ്റ് നേടിയ കേശവ് മഹാരാജും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ട്വന്റി20 ലോകകപ്പില്‍ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും ചെറിയ സ്‌കോറാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയ 113 റണ്‍സ്. ഹെന്റിച്ച് ക്ലാസനാണ് കളിയിലെ താരം.

Related Articles

Back to top button