Cricket

ജീവന്‍ നിലനിര്‍ത്തി പാക്കിസ്ഥാന്‍ !! മുന്നോട്ടുള്ള പ്രയാണം കഠിനം

ലോകകപ്പില്‍ സൂപ്പര്‍ എട്ടിലേക്കുള്ള വിദൂര പ്രതീക്ഷ നിലനിര്‍ത്തി പാക്കിസ്ഥാന്‍. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം കാനഡയ്‌ക്കെതിരേ നേടിയ ഏഴു വിക്കറ്റ് ജയമാണ് പാക്കിസ്ഥാന് ആശ്വാസമായത്.

ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കാനഡ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് നേടിയത്.

ഓപ്പണര്‍ ആരോണ്‍ ജോണ്‍സന്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് കാനഡയുടെ സ്‌കോര്‍ 100 കടത്തിയത്. 44 പന്തില്‍ നാലു വീതം ഫോറും സിക്‌സറും സഹിതം 52 റണ്‍സാണ് ജോണ്‍സണ്‍ നേടിയത്.

പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഷഹീന്‍ അഫ്രീദിയും നസീം ഷായും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

107 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 15 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് പാക് വിജയം എളുപ്പമാക്കിയത്. 53 പന്തുകള്‍ നേരിട്ട താരം 53 റണ്‍സെടുത്തു പുറത്താകാതെനിന്നു.

ക്യാപ്റ്റന്‍ ബാബര്‍ അസം 33 റണ്‍സെടുത്തു പുറത്തായി. സയിം അയൂബ് (12 പന്തില്‍ ആറ്), ഫഖര്‍ സമാന്‍ (ആറു പന്തില്‍ നാല്) എന്നിവരാണ് പാക്ക് നിരയില്‍ പുറത്തായ മറ്റു ബാറ്റര്‍മാര്‍.

ജയത്തോടെ എ ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കാനഡയാണു നാലാമത്. അയര്‍ലന്‍ഡിനെതിരായ അവസാന മത്സരം ജയിച്ചാലും പാക്കിസ്ഥാന് സൂപ്പര്‍ എട്ട് റൗണ്ട് ഉറപ്പിക്കാനാകില്ല. ആദ്യ മത്സരത്തില്‍ യുഎസിനോടു തോറ്റ പാക്കിസ്ഥാന്‍, ഇന്ത്യയോടും തോല്‍വി വഴങ്ങിയിരുന്നു.

ഇനിയുള്ള രണ്ടു മത്സരങ്ങളിലും അമേരിക്ക പരാജയപ്പെട്ടാല്‍ മാത്രമേ പാക്കിസ്ഥാന് എന്തെങ്കിലും സാധ്യതയുള്ളൂ. അല്ലെങ്കില്‍ അമേരിക്കയും കാനഡയും ഇന്ത്യയെ അട്ടിമറിക്കണം. എന്നിരുന്നാലും ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ മികച്ച റണ്‍റേറ്റില്‍ വിജയിക്കുക അവരെ സംബന്ധിച്ച് ഒരു കടമ്പയാണ്.

ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സൂപ്പര്‍ എട്ടില്‍ കടക്കുക. ഇന്ന് നടക്കുന്ന മത്സരത്തില്‍ യുഎസിലെ തോല്‍പിച്ചാല്‍ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. യുഎസാണ് നിലവില്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍.

Related Articles

Back to top button