Cricket

ബെഞ്ചിലിരുന്നവരുടെ ലോകകപ്പ് ടീമിന്റെ നായകന്‍ സഞ്ജു സാംസണ്‍ !! ടീം ഇങ്ങനെ

ഏറെ ആവേശകരമായ ഒരു ട്വന്റി20 ലോകകപ്പാണ് കടന്നു പോയത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്റി20 ലോകകിരീടം നേടിയത്.

ലോകകപ്പ് അവസാനിച്ച് ടീമുകള്‍ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങിയെങ്കിലും ലോകകപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല.

സൂര്യകുമാര്‍ യാദവ് അവസാന ഓവറില്‍ എടുത്ത നിര്‍ണായക ക്യാച്ച് വരെ ഇപ്പോഴും സജീവ ചര്‍ച്ചയാണ്.

ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിക്കാത പോയ താരങ്ങളും ചര്‍ച്ചയുടെ ഭാഗമാണ്. സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ യൂസ്വേന്ദ്ര ചഹലുമാണ് ടീമിലുണ്ടായിട്ടും കളത്തിലിറങ്ങാന്‍ സാധിക്കാതെ പോയ താരങ്ങള്‍.

എന്നാല്‍ ഇത്തരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഒരിക്കല്‍ പോലും ഇടംപിടിക്കാത്ത താരങ്ങളെ ഉള്‍പ്പെടുത്തി സ്പോര്‍ട്സ് കീഡ പുറത്തു വിട്ട ലോകകപ്പ് ടീമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്സ്വാളും ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ ഡക്കറ്റുമാണ് ഈ ഇലവന്റെ ഓപ്പണര്‍മാര്‍.

വിരാട്-രോഹിത് സഖ്യം ഇന്ത്യക്കായി ഓപ്പണിംഗില്‍ എല്ലാ മത്സരത്തിലും കളത്തിലിറങ്ങിയതോടെയാണ് ജയ്‌സ്വാളിന് ബെഞ്ചിലിരിക്കേണ്ടി വന്നത്.

ഈ സഖ്യം പലപ്പോഴും പരാജയമായപ്പോഴും ഇന്ത്യന്‍ ടീം കോംബിനേഷനില്‍ മാറ്റം വരുത്താന്‍ തയ്യാറാകാതെ വന്നതോടെ ജയ്‌സ്വാളിന് കരയ്ക്കിരിക്കേണ്ടി വരികയായിരുന്നു.

സമാനമായിരുന്നു ഡക്കറ്റിന്റെയും അവസ്ഥ. ഫില്‍ സോള്‍ട്ട് -ജോഷ്ബട്ലര്‍ കോംബോയാണ് ഡക്കറ്റിനെ സ്ഥിരമായി ബെഞ്ചിലിരുത്തിയത്.

വിക്കറ്റ് കീപ്പറായി സഞ്ജു സാംസണാണ് ടീമിന്റെ ഭാഗമാകുന്നത്. എല്ലാ മത്സരത്തിലും ഇന്ത്യ റിഷബ് പന്തില്‍ വിശ്വാസമര്‍പ്പിച്ചപ്പോള്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവന്റെ ഭാഗമാകാന്‍ സാധിച്ചില്ല. എങ്കിലും ചില മത്സരങ്ങളില്‍ താരം സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി കളത്തിലിറങ്ങിയിരുന്നു.

ബെഞ്ച് വാമേഴ്‌സ് ഇലവന്റെ ക്യാപ്റ്റനും സഞ്ജു തന്നെയാണ്. മിഡില്‍ ഓര്‍ഡറില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ജോസ് ഇംഗ്ലിസ് സ്ഥാനം നേടി. ഓസീസ് പരിചയ സമ്പന്നനായ മാത്യു വേഡിനെ പരിഗണിച്ചതോടെയാണ് ഇംഗ്ലിസിന്റെ സ്ഥാനം ബെഞ്ചിലായത്.

വെടിക്കെട്ടു താരങ്ങള്‍ ഇടിച്ചു നിന്ന വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ അവസാന ഇലവനില്‍ ഇടം പിടിക്കാന്‍ സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്മെയറിനും സാധിച്ചില്ല.

യു.എസ്.എയുടെ നിസര്‍ഗ് പട്ടേലും നെതര്‍ലന്‍ഡ്സിന്റെ സാഖിബ് സുല്‍ഫിക്കറും ചേരുന്നതോടെ ടീമിന്റെ മിഡില്‍ ഓര്‍ഡറും പൂര്‍ത്തിയാകും. ഇരുവരും സ്പിന്‍ ബൗളിങ് ഓള്‍ റൗണ്ടര്‍മാരാണ്.

മൂന്ന് പേസര്‍മാരും ഒരു ലെഗ് സ്പിന്നറുമാണ് ഈ ടീമിന്റെ ബൗളിങ് നിരയെ നയിക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലാണ് ഇതിലെ ആദ്യ പേര്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിട്ടും താരത്തിന് ലോകകപ്പ് കളിക്കാന്‍ സാധിച്ചില്ല.

കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരെയാണ് ഇന്ത്യ സ്പിന്‍ ഓപ്ഷനായി ടീമിന്റെ ഭാഗമാക്കിയത്.

ഇന്ത്യക്കായി ട്വന്റി20യില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ചഹലിന് ഇതുവരെയായും ഒരു ട്വന്റി20 ലോകകപ്പ് കളിച്ചിട്ടില്ല എന്നതാണ് കൗതുകം.

ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വച്ച അഫ്ഗാന്‍ പേസര്‍ ഫരീദ് അഹമ്മദിനും കളത്തിലിറങ്ങാനായില്ല. അയര്‍ലന്‍ഡ് വലംകയ്യന്‍ പേസര്‍ ഗ്രഹാം ഹ്യൂമും കാനഡയുടെ ഇടംകയ്യന്‍ മീഡിയം പേസറുമായ റിഷിവ് ജോഷിയും ചേരുന്നതോടെ ഇലവന്‍ പൂര്‍ത്തിയാകും.

2024 ട്വന്റി20 ലോകകപ്പ് ബെഞ്ച് വാര്‍മേഴ്സ് ഇലവന്‍:

യശസ്വി ജെയ്സ്വാള്‍ (ഇന്ത്യ),ബെന്‍ ഡക്കറ്റ് (ഇംഗ്ലണ്ട്),സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, ഇന്ത്യ),ജോഷ് ഇംഗ്ലിസ് (ഓസ്ട്രേലിയ),ഷിംറോണ്‍ ഹെറ്റ്മെയര്‍ (വെസ്റ്റ് ഇന്‍ഡീസ്),നിസര്‍ഗ് പട്ടേല്‍ (യു.എസ്.എ),സാഖിബ് സുല്‍ഫിക്കര്‍ (നെതര്‍ലന്‍ഡ്സ്),ഗ്രഹാം ഹ്യൂം (അയര്‍ലന്‍ഡ്),യൂസ്വേന്ദ്ര ചഹല്‍ (ഇന്ത്യ),റിഷിവ് ജോഷി (കാനഡ),ഫരീദ് അഹമ്മദ് (അഫ്ഗാനിസ്ഥാന്‍).

Related Articles

Back to top button