Cricket

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മരിക്കുന്നു! മെല്‍ബണ്‍ തന്നെ തെളിവ്!

ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് പതിയെ പതിയെ മരിച്ചു കൊണ്ടിരിക്കുകയാണന്ന് പറഞ്ഞത് ഇതിഹാസ താരമായിരുന്ന ഷെയ്ന്‍ വോണ്‍ ആയിരുന്നു. രണ്ട് വര്‍ഷം മുമ്പ് അദേഹം നടത്തിയ പ്രവചനം ഇപ്പോള്‍ അതിവേഗം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ലോകകപ്പ് നടത്തിയ സമയത്തു പോലും ഓസീസ് ആരാധകര്‍ക്ക് ക്രിക്കറ്റിനോടുള്ള താല്‍പര്യം നഷ്ടപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ഏകദിന പരമ്പര തന്നെ ഉദാഹരണം. 80,000 ത്തില്‍ അധികം കാണികളെ ഉള്‍ക്കൊള്ളുന്ന മെല്‍ബണ്‍ സ്റ്റേഡിയത്തിലേക്ക് കളി കാണാനെത്തിയത് വെറും 2,000 പേരാണ്. അതിലേറെയും തന്നെ കുട്ടികളും. ഇത്രമേല്‍ പെട്ടെന്ന് ഓസ്‌ട്രേലിയക്കാര്‍ക്ക് ക്രിക്കറ്റിനോട് മടുപ്പ് തോന്നുമെന്ന് ആരും കരുതിയിരുന്നില്ല.

ഈ മാസം അവസാനിച്ച ലോകകപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സ്റ്റേഡിയങ്ങളില്‍ ആളുണ്ടായിരുന്നെങ്കിലും അതിലേറെയും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകരായിരുന്നു. ഓസ്‌ട്രേലിയയുടെ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് സ്റ്റേഡിയം നിറയാത്ത അവസ്ഥയും ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റിന്റെ സ്ഥാനത്തേക്ക് ഫുട്‌ബോള്‍ കൂടുതല്‍ വളരുന്നതാണ് സമീപകാലത്ത് കണ്ടത്.

ഏകദിന ക്രിക്കറ്റ് കൂടുതല്‍ വിരസമായതും ആരാധകരെ ക്രിക്കറ്റില്‍ നിന്ന് അകറ്റുന്നുണ്ട്. ദേശീയ ടീമിന്റെ മല്‍സരങ്ങള്‍ക്ക് കാര്യമായ താല്‍പര്യം ഇല്ലെങ്കിലും ബിഗ് ബാഷ് ട്വന്റി-20 ലീഗ് കാണാന്‍ ഇപ്പോഴും ആളെത്തുന്നുണ്ട്. എന്നാല്‍ അതിലും കുറവ് വരുന്നുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തന്നെ സമ്മതിക്കുന്നു.

അടുത്തടുത്തുള്ള പരമ്പരകള്‍ പല ക്രിക്കറ്റ് ആരാധകര്‍ക്കും മല്‍സരങ്ങളിലെ താല്‍പര്യം നഷ്ടപ്പെടുത്തുന്നുണ്ട്. ഇംഗ്ലണ്ട് ലോകകപ്പ് നേടി മൂന്നാം ദിവസമാണ് ഓസീസിനെതിരേ പരമ്പര കളിക്കാന്‍ ഇറങ്ങിയത്. ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയും ഈ സമയത്ത് തന്നെയാണ് നടന്നത്. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന രീതിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ കാണിക്കുന്നത്. ഇത് ദോഷം ചെയ്യുമെന്ന് ഉറപ്പാണ്.

Related Articles

Back to top button