Cricket

ലോകകപ്പിനു ശേഷം പൂര്‍ണമായും തഴയപ്പെട്ടു !! താന്‍ ഒറ്റപ്പെട്ടു പോയിരുന്നുവെന്ന് തുറന്നു പറഞ്ഞ് ശ്രേയസ് അയ്യര്‍

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ക്കു മുകളിലായിരുന്നു ശ്രേയസ് അയ്യര്‍.

എന്നാല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്തയെ കീരീടം ചൂടിച്ച ക്യാപ്റ്റനായി മാറിയ താരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു കൂടിയാണ് ചെന്നൈ ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്.

ഐപിഎല്‍ കിരീട വിജയത്തിനു ശേഷം തന്റെ മോശം കാലത്തെക്കുറിച്ച് തുറന്നു പറയുകയാണ് അയ്യര്‍.

ലോകകപ്പില്‍ അവിസ്മരണീയമായ പ്രകടനം നടത്തിയ താരം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയപെട്ടതിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.

തനിക്ക് മുതുകില്‍ വേദനയുണ്ടെന്ന് വെളിപ്പെടുത്തിയ ശ്രേയസ് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ലെന്ന് മുംബൈ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു.

എന്നിരുന്നാലും, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അദ്ദേഹത്തിന്റെ വാക്കുകള്‍ അവഗണിച്ചു. താരം മനഃപൂര്‍വം ഉഴപ്പി എന്നാണ് അവര്‍ പരാതി പറഞ്ഞത്. തുടര്‍ന്ന്് അദ്ദേഹത്തെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ആ കാലത്തെപ്പറ്റി ഇപ്പോള്‍ ശ്രേയസ് പറയുന്നതിങ്ങനെ…”ഐസിസി ലോകകപ്പിന് ശേഷമുള്ള യാത്രയില്‍ ഞാന്‍ ശരിക്കും കഷ്ടപ്പെട്ടു. എന്റെ ആശങ്ക അറിയിച്ചപ്പോള്‍ ആരും സമ്മതിച്ചില്ല. ഞാന്‍ എന്നോട് മാത്രം മത്സരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു.

ഐപിഎല്‍ ആരംഭിച്ചപ്പോള്‍, എന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞങ്ങളുടെ പദ്ധതികള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി നടപ്പിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു, ഞങ്ങള്‍ ആഗ്രഹിച്ചത് നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, ”ശ്രേയസ് അയ്യര്‍ പറഞ്ഞു.

എന്തായാലും ഇത് അയ്യരുടെ നല്ലകാലമാണ്. ട്വന്റി20 ലോകകപ്പില്‍ നിന്നു പോലും അവഗണിച്ച താരമാണ് ടീമിനെ കപ്പിലേക്ക് കൈപിടിച്ചുയര്‍ത്തിയിരിക്കുന്നത്.

ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനം നടത്താന്‍ താരത്തിനായി. ലോകകപ്പിനു ശേഷം ഒരു പക്ഷെ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍ ആയി എത്തിയാല്‍ പിന്നെ വരാന്‍ പോകുന്നത് ശ്രേയസ് അയ്യരുടെ നല്ലകാലമാവും. ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ എന്ന നിലയിലേക്കുള്ള അവകാശവാദം കൂടിയാവുകയാണ് ശ്രേയസിന് ഈ ഐപിഎല്‍ കിരീടം.

Related Articles

Back to top button