Cricket

അവളുടെ കണ്ണീര് സഹിക്കാന്‍ പറ്റുന്നില്ല!! ഐപിഎല്‍ ഫൈനലിനെപ്പറ്റി അമിതാഭ് ബച്ചന്റെ കുറിപ്പ്

ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടു പരാജയപ്പെട്ടപ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഹൈദരാബാദ് ടീം ഉടമ കാവ്യാ മാരന്‍ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ ഒരു നൊമ്പരമായി മാറിയിരുന്നു.

ഇപ്പോഴിതാ ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സിന്റെ തോല്‍വി നിരാശപ്പെടുത്തുന്നുവെന്ന് തുറന്നു പറയുകയാണ്
ബിഗ് ബി അമിതാഭ് ബച്ചന്‍.

ടീം ഉടമ കാവ്യ മാരന്‍ തോല്‍ക്കുന്ന നിമിഷം വൈകാരികമായി കണ്ണീര്‍ തുടക്കുകയും ഉള്ളിലെ സങ്കടം ഒതുക്കി ടീമിന്റെ കൈയടിച്ച് അഭിനന്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ തനിക്ക് വിഷമം തോന്നിയെന്നും ബച്ചന്‍ പറഞ്ഞു.

തന്റെ ബ്ലോഗില്‍ തോല്‍വിയെക്കുറിച്ച് അദ്ദേഹം എഴുതുകയും ചെയ്തു…

ഐപിഎല്‍ ഫൈനല്‍ അവസാനിച്ചു, കെകെആര്‍ ഏറ്റവും വിശ്വസനീയമായ വിജയം നേടി..എസ്ആര്‍എച്ച് പുറത്തായി.. പല തരത്തില്‍ നിരാശപ്പെടുത്തുന്നു, കാരണം എസ്ആര്‍എച്ച് ഒരു നല്ല ടീമാണ്. മറ്റ് ദിവസങ്ങളില്‍ അവരുടെ പ്രകടനം ഗംഭീരമായിരുന്നു.

എന്നാല്‍ തോല്‍വിക്ക് ശേഷം കാവ്യ മാരന്‍ അവളുടെ ദുഃഖം ഉള്ളില്‍ അടക്കാന്‍ ശ്രമിക്കുന്നതും കാമറകള്‍ക്ക് മുഖം കൊടുക്കാതിരിക്കാന്‍ ശ്രമിക്കുന്നതും കണ്ടപ്പോള്‍ എനിക്ക് അവളോട് വല്ലാത്ത വിഷമം തോന്നി. സാരമില്ല, മറ്റൊരു ദിവസം വന്നുചേരുമെന്നും ബിഗ് ബി കുറിച്ചു.


മത്സരത്തില്‍ ടോസ് നേടിയ എസ്ആര്‍എച്ച് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ടീം 18.3 ഓവറില്‍ 113ന് ഓള്‍ഔട്ടാവുകയായിരുന്നു. വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു.

യുവതാരം വെങ്കിടേഷ് അയ്യര്‍ 26 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ റഹ്‌മാനുല്ല ഗുര്‍ബാസും (32 പന്തില്‍ 39), സുനില്‍ നരെയ്‌നും (രണ്ട് പന്തില്‍ ആറ്) മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ പുറത്തായ ബാറ്റര്‍മാര്‍.

ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തയുടെ മൂന്നാം കിരീടമാണിത്. 2012ലും 2014ലുമാണ് അവര്‍ ഇതിനു മുമ്പ് ഐപിഎല്‍ കിരീടം നേടിയത്. മിച്ചല്‍ സ്റ്റാര്‍ക് കളിയിലെ താരമായും സുനില്‍ നരെയ്ന്‍ പരമ്പരയിലെ താരവുമായും തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button