Cricket

മോദി സ്‌റ്റേഡിയത്തില്‍ പാക് ദൗര്‍ബല്യ വലവിരിച്ച് ‘ചെപ്പോക്ക്’ പിച്ച്; ബാബര്‍ ക്യാംപ് വിയര്‍ക്കും!! ദ്രാവിഡ് ആദ്യം കണ്ടത് ക്യൂറേറ്ററെ!!

ഐസിസി ഏകദിന ലോകകപ്പിലെ പോരാട്ടങ്ങളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യ-പാക് മല്‍സരത്തിന് ഇനി മണിക്കൂറുകളും നിമിഷങ്ങളും മാത്രം ബാക്കി. ഇന്ത്യയുടെയും ക്രിക്കറ്റ് ലോകത്തിന്റെയും കണ്ണും കാതും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്.

മല്‍സരം കാണാനായി കേരളത്തില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ആയിരങ്ങളാണ് അഹമ്മദാബാദിലേക്ക് ഒഴുകുന്നത്. ഹോട്ടലുകളും ലോഡ്ജുകളും വഴിയോരങ്ങളും ക്രിക്കറ്റ് ആരാധകരാല്‍ നിറഞ്ഞ അവസ്ഥയിലാണ്.

അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നു പോലും ആരാധകര്‍ ഈ ഒരൊറ്റ മല്‍സരത്തിനായി എത്തുന്നുണ്ട്. അത്രത്തോളം ആവേശം നിറയ്ക്കാന്‍ ഇന്ത്യ-പാക് മാച്ചിന് സാധിക്കുന്നുവെന്നതാണ് സത്യം. സ്റ്റാര്‍ സ്‌പോര്‍ട്‌സിനും ചാകരയാണ് ഈ മല്‍സരം.

അതേസമയം, കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലെത്തിയ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ടീം ഹോട്ടലിലേക്ക് പോകാതെ ആദ്യമെത്തിയത് സ്‌റ്റേഡിയത്തിലേക്കാണ്. നേരെ പോയി പിച്ചില്‍ സന്ദര്‍ശനം നടത്തി.

മോദി സ്‌റ്റേഡിയത്തിലെ ക്യൂറേറ്ററോട് അല്പസമയം സംസാരിച്ചു. പിച്ചിന്റെ അവസ്ഥ മനസിലാക്കിയാണ് ദ്രാവിഡ് ടീം ക്യാംപിലേക്ക് പോയത്. പതിവുപോലെ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്.

ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ഉദ്ഘാടന മല്‍സരം നടന്നതിന് തൊട്ടടുത്ത പിച്ചിലാണ് ശനിയാഴ്ച്ച കളി നടക്കുന്നത്. പിച്ച് ബാറ്റിംഗിനെ തുണയ്ക്കുന്നതിനൊപ്പം സ്പിന്നര്‍മാര്‍ക്കും ആവശ്യത്തിലേറെ ടേണിംഗും ബൗണ്‍സും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കാര്യമായ സഹായം പിച്ചില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചനകളും ക്യൂറേറ്റര്‍ നല്‍കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ ലോകകപ്പില്‍ ഹാരിസ് റൗഫിന്റെയും ഷാഹീന്‍ഷാ അഫ്രീദിയുടെയും വിവശതകള്‍ വീണ്ടും നീണ്ടു പോകുമെന്ന് ഉറപ്പാണ്.

പാക്കിസ്ഥാന്റെ സ്പിന്‍ ദൗര്‍ബല്യം മുതലെടുക്കാവുന്ന രീതിയിലുള്ള പിച്ച് ബാബര്‍ അസത്തിനും സംഘത്തിനും വലിയ തിരിച്ചടിയാകും. ഈ ലോകകപ്പില്‍ കളിക്കുന്ന ടീമുകളില്‍ മോശം സ്പിന്‍ ഓപ്ഷന്‍സ് ഉള്ള ടീമാണ് പാക്കിസ്ഥാന്‍.

ഷദാബ് ഖാനും മുഹമ്മദ് നവാസിനും വിക്കറ്റ് എടുക്കാന്‍ പറ്റുന്നില്ലെന്ന് മാത്രമല്ല റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കാന്‍ പോലും പറ്റുന്നില്ല. പേസര്‍മാര്‍ക്കൊപ്പം സ്പിന്നര്‍മാര്‍ കൂടി റണ്‍സ് വഴങ്ങുന്നത് ബാബറിനെ വിഷമിക്കുന്നത് ചെറിയ തോതിലല്ല.

മറുവശത്ത് ഇന്ത്യന്‍ ക്യാംപിലേക്ക് ശുഭ്മാന്‍ ഗില്‍ തിരിച്ചു വരുമെന്ന വാര്‍ത്തയാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. വ്യാഴാഴ്ച്ച മുതല്‍ ഗില്‍ നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നുണ്ട്. താരം 80 ശതമാനം ആരോഗ്യം വീണ്ടെടുത്തതായിട്ടാണ് വിവരം.

അതേസമയം, ഇന്ത്യ-പാക് മല്‍സരത്തിനു മുമ്പും ആദ്യത്തെ ബാറ്റിംഗിനു ശേഷമുള്ള ഇടവേളയിലും വലിയ പാരിപാടികളും ലേഷര്‍ ഷോയും സംഘാടകര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിന്റെ പേരിലുള്ള പഴി മായിച്ചു കളയാനാണ് സംഘാടകരുടെ ശ്രമം.

Related Articles

Back to top button