Cricket

ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനലിന് റിസര്‍വ് ദിനമില്ല !! മഴ കളി മുടക്കിയാല്‍ പിന്നെ ഫൈനല്‍ ബര്‍ത്ത് യോഗ്യത ഇങ്ങനെ…

ക്രിക്കറ്റ് ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആശങ്ക സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ഇന്ത്യ- ഇംഗ്ലണ്ട് സെമി മത്സരം നടക്കുക.

എന്നാല്‍ മത്സരത്തിന് മഴ ഭീഷണിയുണ്ടെന്നാണ് വിവരം. ഗയാനയില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഇന്നു രാവിലെ നടന്ന ഒന്നാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഒമ്പതു വിക്കറ്റിന് ജയിച്ച് ഫൈനലില്‍ കടന്നിരുന്നു.

ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന മത്സരം മഴ മൂലം മുടങ്ങിയിരുന്നെങ്കില്‍ റിസര്‍വ് ദിനം അനുവദിച്ചിരുന്നിരുന്നു. എന്നാല്‍ മത്സരം ആകെ നടന്നത് 21 ഓവറില്‍ താഴെ മാത്രമായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 11.5 ഓവറില്‍ വെറും 56 റണ്‍സിന് പുറത്താക്കി ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഐസിസി ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിസര്‍വ് ദിനത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്നതാണ് ആരാധകരെ നിരാശരാക്കുന്ന വിവരം.

അതുകൊണ്ട് തന്നെ വിജയികളെ ഇന്നുതന്നെ തീരുമാനിക്കേണ്ടതുണ്ട്. രണ്ടാം സെമി മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഐസിസി നിയമപ്രകാരം സൂപ്പര്‍ 8 ഘട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ടീം ഫൈനലിലെത്തും എന്നതാണ് നിയമം.

അതിനാല്‍ മഴ മൂലം കളി നടന്നില്ലെങ്കില്‍ ബാര്‍ബഡോസില്‍ നടക്കുന്ന കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍ ഇന്ത്യയാവും.

സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ ഒന്നാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുക. സൂപ്പര്‍ എട്ടിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലേക്ക് ടിക്കറ്റെടുത്തത്.

സൂപ്പര്‍താരം വിരാട് കോഹ് ലിയുടെ ഫോം മാത്രമാണ് നിലവില്‍ ഇന്ത്യയ്ക്ക് ആശങ്കയുയര്‍ത്തുന്ന ഘടകം. ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമില്‍ മാറ്റമുണ്ടാവില്ലെന്നു തന്നെയാണ് സൂചന.

Related Articles

Back to top button